LogoLoginKerala

ആരോപണങ്ങള്‍ക്ക് രൂക്ഷമായ മറുപടി നല്‍കി മുഖ്യമന്ത്രി ലോകകേരള സഭയില്‍

മനോരമയ്ക്ക് കുശുമ്പ്, വിവാദമുണ്ടാക്കുന്നത് ഞരമ്പ് രോഗികള്‍
 
pinarayi

ന്യൂയോര്‍ക്ക്- വിവാദങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാനായിരുന്നു ശ്രമമെന്ന് ന്യൂയോര്‍ക്കില്‍ ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭയുമായി ബന്ധപ്പെട്ട് മനോരമ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പ്രവാസികളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മനോരമ മുഖപ്രസംഗം എഴുതി. ലോക കേരള സഭയുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് കുശുമ്പാണെന്നും അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗമാണെന്നും പണത്തിന്റെ തൂക്കംകൊണ്ട് കാര്യങ്ങളെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയെക്കുറിച്ച് വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ലോക കേരളസഭ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണ്. തന്റെ ചുറ്റും ഇരിക്കുന്നവര്‍ എത്ര പണം നല്‍കിയെന്ന് തനിക്കറിയില്ലെന്നും കേരളത്തിന് പുറത്ത് സര്‍ക്കാരല്ല പണം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയുടെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി.

ലോക കേരളസഭയ്ക്കായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇവിടെ ധൂര്‍ത്തില്ലെന്ന് കണ്ടാല്‍ മനസിലാകും. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്. അതില്‍ എന്തു സ്വജന പക്ഷപാതമാണുണ്ടായതെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആദ്യമായാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല. ലോക കേരള സഭ പ്രവര്‍ത്തനം സുതാര്യമാണ്. ഏതൊരു കാര്യത്തേയും മോശമായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ അമേരിക്കന്‍ മലയാളി സമൂഹത്തെ അപമാനിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സമ്മേളനത്തെ സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. പ്രവാസികളുടെ വിവര ശേഖരണത്തിന് ഡിജിറ്റല്‍ പോര്‍ട്ടല്‍ രൂപീകരണം അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.