കൊച്ചിയിലും വൈപ്പിനിലും ചാളച്ചാകര
കൊച്ചി- ഫോര്‍ട്ട്‌കൊച്ചിയിലും വൈപ്പിനിലും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും അപൂര്‍വാനുഭവമായി ചാളച്ചാകര. തുറമുഖത്തോടു ചേര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി ബീച്ച് വൈപ്പിന്‍ ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരം മുതല്‍ ചാളച്ചാകരയുണ്ടായത്. ഇന്നും ചാകര തുടരുകയാണ്.
ലക്ഷക്കണക്കിന് വരുന്ന ചാളക്കൂട്ടങ്ങള്‍ തീരത്തേക്ക് ആര്‍ത്തലച്ച് കയറി വന്നത് ഈ നാട്ടുകാര്‍ക്ക് ജീവിതത്തില്‍ ആദ്യത്തെ അനുഭവമായിരുന്നു. തീരത്തടിഞ്ഞ ചാളക്കൂട്ടങ്ങളെ കൈകൊണ്ട് വാരിയെടുത്ത് ചാക്കുകളിലും കവറുകളിലുമാക്കി കൊണ്ടു പോകാന്‍ നാട്ടുകാരും ഇതുവഴി വന്ന ബോട്ട് യാത്രക്കാരുമെല്ലാം തിങ്ങിക്കൂടി. എത്രയെടുത്തിട്ടും തീരാതെ ചാകര ഇന്നു രാവിലെയും തുടര്‍ന്നു.
സാധാരണ തീരക്കടലില്‍ ചാളച്ചാകരയുണ്ടാകാറുണ്ടെങ്കിലും തീരത്തേക്ക് കയറി വരുന്നത് അത്യപൂര്‍വമാണ്. കടലിന് ചൂടേറിയതിന്റെ ഫലമായി ചൂടുകുറഞ്ഞ തുറമുഖത്തേക്ക് കയറിവന്നതാകാമെന്നും അതല്ല കടലിലെ മറ്റ് ചില പ്രതിഭാസങ്ങളുടെ മുന്നോടിയാണെന്നും പറയുന്നവരുണ്ട്.