ദേശീയപാതയില്‍ ചക്കക്കൊമ്പന്റെ പരാക്രമം, കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നാലു പേര്‍ക്ക് പരിക്ക്
ഇടുക്കി- കാറിടിച്ചതിനെ തുടര്‍ന്ന് അക്രമാസക്തനായ ചക്കക്കൊമ്പന്‍ കാര്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമിച്ചു. പൂപ്പാറയില്‍വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലൂടെ വന്ന കാര്‍ ആന റോഡരികിലൂടെ കടന്നു വരുന്നത് കാണാതെ ഇടിക്കുകയായിരുന്നു. ഇടിയേറ്റതോടെ ആന അക്രമാസക്തനായി കാര്‍ ആക്രമിച്ചു. കാര്‍ ചവിട്ടിത്തകര്‍ക്കാനും ഇടിച്ചു മറിക്കാനും ശ്രമിച്ചു. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആളുകള്‍ ഒച്ചയുണ്ടാക്കിയതോടെ ചക്കക്കൊമ്പന്‍ പിന്‍വാങ്ങി.
ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. പൂപ്പാറിയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാത്രി സമയത്ത് ആനകള്‍ ദേശീയ പാത മുറിച്ചു കടക്കാറുള്ള ഈ ഭാഗം ആനത്താരയാണ്. ഇവിടെ രാത്രിയില്‍ പതിവായി ആനകളെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിടാറുണ്ട്. അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിന്റെ തലേന്ന് ചക്കക്കൊമ്പനെ ആക്രമിക്കാന്‍ പിന്തുടര്‍ന്ന് ഓടിക്കുന്നത് പോലീസ് കണ്ടത് ഇവിടെ വെച്ചാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് അന്ന് അരിക്കൊമ്പനെ കണ്ടെത്തിയത്.