LogoLoginKerala

പകല്‍മുഴുവന്‍ രാഷ്ട്രീയ പിരിമുറുക്കം, കെജ്രിവാളിനെ സി ബി ഐ ചോദ്യം ചെയ്ത് വിട്ടയച്ചു

 
arwind kejriwal

ന്യൂഡല്‍ഹി-  ഒരു പകല്‍ മുഴുവന്‍ നീണ്ട നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി ബി ഐ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെങ്കിലും ചോദ്യം ചെയ്യല്‍ വൈകുന്നരമായിട്ടും അവസാനിക്കാതെ വന്നതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് സി ബി ഐ നീക്കമെന്ന അഭ്യൂഹം കാട്ടുതീ പോലെ പടര്‍ന്നു. ഡല്‍ഹിയിലെങ്ങും ആം ആദ്മി പ്രവര്‍ത്തകര്‍ തെരുവിലറങ്ങി. സി ബി ഐ ആസ്ഥാനം ആം ആദ്മി പ്രവര്‍ത്തകര്‍ വളഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് സി ബി ഐ ആസ്ഥാനത്തിന് മുന്നിലെത്തി. പാര്‍ട്ടി ഉന്നത നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് അറസ്റ്റുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ എല്ലാ ആശങ്കകളും ഒഴിവാക്കി രാത്രി എട്ടരയോടെ സി ബി ഐ ആസ്ഥാനത്തു നിന്ന് കെജ്രിവാള്‍ പുറത്തുവന്നു. പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഉജ്വല സ്വീകരണം നല്‍കി.
രാവിലെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കെജ്രിവാള്‍ സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നില്‍ ദേശവിരുദ്ധ പ്രവര്‍ത്തകരെന്നാണ് കെജ്രിവാള്‍ ആരോപിച്ചത്. ചോദ്യം ചെയ്യല്‍ ഓരോ മണിക്കൂറും പിന്നിടുന്തോറും ഡല്‍ഹിയില്‍ രാ്ഷ്ട്രീയ പിരിമുറുക്കമേറി. സി ബി ഐ ആസ്ഥാനത്തിന് മുന്നില്‍ തടിച്ചു കൂടിയ നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തു നീക്കി.
വൈകുന്നേരമായിട്ടും ചോദ്യം ചെയ്യല്‍ അവസാനിക്കാതെ വന്നതോടെ അപകടം മണത്ത ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് ദേശീയ തലസ്ഥാനത്തെ പാര്‍ട്ടി ഓഫീസില്‍ അടിയന്തര യോഗം വിളിച്ചു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ആശങ്കാകുലരാണെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ്, ഡെപ്യൂട്ടി മേയര്‍ ആലി മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ദേശീയ സെക്രട്ടറിമാരും പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിക്കൊണ്ടിരുന്നു. അറസ്റ്റുണ്ടായാല്‍ ഡല്‍ഹി സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും സുപ്രീം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. എന്നാല്‍ രാത്രി എട്ടു മണിയോടെ തന്നെ കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്ന വാര്‍ത്ത പുറത്തുവന്നു. അപ്പോള്‍ മാത്രമാണ് രാഷ്ട്രീയ പിരിമുറുക്കത്തിന് അയവുണ്ടായത്.
ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ചോദ്യംചെയ്തതെന്നാണ് വിവരം. 2021-'22-ലെ എക്‌സൈസ് നയം രൂപവത്കരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടത്തിയെന്നാണ് മദ്യനയക്കേസ്. മദ്യ ലോബികളില്‍ നിന്ന് കൈക്കൂലി വാങ്ങി അവര്‍ക്കനുകൂലമായി നയം രൂപവത്കരിച്ചുവെന്നാണ് ആരോപണം. രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ നയം പിന്നീട് പിന്‍വലിച്ചു. കേസില്‍ ഫെബ്രുവരി 26-ന് അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.