മാര്‍ക്ക് ലിസ്റ്റ് വിവാദം; ആര്‍ഷോയുടെ പരാതിയില്‍ കേസെടുത്ത് സിറ്റി പോലീസ്
കൊച്ചി- തന്റെ പേരില്‍ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് ഉണ്ടാക്കിയെന്നാരോപിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി നടരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡി ജി പിക്ക് നല്‍കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ചത്. സൈബര്‍ വിദഗ്ധരും പ്രത്യേക സംഘത്തിലുണ്ട്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.
ആര്‍ഷോ നല്‍കിയ പരാതിയില്‍ പറയുന്ന മഹാരാജാസ് കോളേജ് ആര്‍ക്കിയോളജി വകുപ്പ് മുന്‍ കോ ഓര്‍ഡിനേറ്റര്‍ വിനോദ്കുമാര്‍, പ്രിന്‍സിപ്പല്‍ വി എസ് ജോയ്, കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍, കെ എസ് യൂണിറ്റ് ഭാരവാഹിക സി എ ഫാസില്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വ്യാജമാര്‍ക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആര്‍ഷോ ഡി ജി പിക്ക് പരാതി നല്‍കിയത്. ഇവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരിക്കും അന്വേഷണം. ആദ്യമായി പി എം ആര്‍ഷോയെ വിളിച്ചുവരുത്തി മൊഴിയെടുക്കും. തുടര്‍ന്ന് പരാതിയില്‍ പറയുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ വെബ്‌സൈറ്റിലെ സാങ്കേതിക പിഴവാണ് മാര്‍ക്ക് ലിസ്റ്റിലെ പിഴവിന് കാരണമായി കോളേജ് അധികൃതര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ധര്‍ പരിശോധന നടത്തും.
അധ്യാപക ജോലി നേടാനായി മഹാരാജാസിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യക്കെതിരെ പ്രിന്‍സിപ്പാള്‍ വി എസ് ജോയി പോലീസില്‍ നല്‍കിയ പരാതിയില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസടുത്തിരുന്നത്. ഇത് അട്ടപ്പാടി പോലീസിന് കൈമാറിയിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയരുന്നതിനിടയിലാണ് ആര്‍ഷോയുടെ പരാതിയില്‍ പോലീസ് കോളേജ് അധികൃതര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.