LogoLoginKerala

കെ സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസ്

 
congress violance

കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളാണെന്നും അവരെ ഓടിച്ചിട്ട് തല്ലാല്‍ കെല്‍പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറ്റയാണെന്നും സുധാകരന്‍ പ്രസംഗിച്ചിരുന്നു.

കൊച്ചി- ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി കോര്‍പറേഷന് മുന്നില്‍ നടന്ന ഉപരോധ സമരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ കൊച്ചി സിറ്റി പോലീസ് കലാപശ്രമത്തിന് കേസെടുത്തു. കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളാണെന്നും അവരെ ഓടിച്ചിട്ട് തല്ലാല്‍ കെല്‍പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും പ്രസംഗിച്ച സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചെറ്റ എന്നും വിശേഷിപ്പിച്ചിരുന്നു. സുധാകരന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അക്രമാസക്തരായ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുള്ള ജീവനക്കാരെ ആക്രമിച്ചിരുന്നു.
കോണ്‍ഗ്രസിനെതിരെ തിരിഞ്ഞാല്‍ കാല്‍മുട്ട് അടിച്ചൊടിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിന്റെയും ഇന്‍സെപക്ടര്‍ വിജയശങ്കറിന്റെയും പേരെടുത്ത് പ്രസംഗിച്ച ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അടക്കം 500 ഓളം പേര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോഴാണ് കെ സുധാകരനെതിരെ കലാപാഹ്വാനത്തിന് 153-ാം വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. സി പി എം കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലുമുണ്ടോ എന്നാണ് സുധാകരന്‍ തന്റെ വിവാദ പ്രസംഗത്തില്‍ ചോദിച്ചത്. നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്. എത്ര അഴിമതി ആരോപണം വന്നു. പ്രതികരിച്ചോ. പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഐഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു.
കോര്‍പറേഷന്‍ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജെയിലിലടച്ചിരിക്കുകയാണ്.