കെ. സുധാകരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം- കെ പി സി സി പ്രസിഡണ്ട് കെ. സുധാകരനെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുളള പൊറാട്ട് നാടകമാണ് കെ. സുധാകരനെതിരെ കേസെടുത്ത നടപടിയെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു,
പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ നോക്കുകയാണ്. ഇതുകൊണ്ടൊക്കെ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതുന്ന പിണറായിയും ഗോവിന്ദന്‍ മാഷും മൂഢസ്വര്‍ഗ്ഗത്തിലാണ്. നിങ്ങള്‍ കേസെടുത്ത് ആരെയാണ് വിരട്ടാന്‍ നോക്കുന്നത്. പോലീസ് പോലിസിന്റെ ജോലി മാന്യമായി ചെയ്തില്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും. പാര്‍ട്ടി സെക്രട്ടറി പറയുന്നതനുസരിച്ച് ജോലി ചെയ്യലല്ല പോലീസിന്റെ പണി. തുടര്‍ ഭരണം ലഭിച്ചതിന്റെ അഹങ്കാരത്തില്‍ എന്തുമാവാമെന്ന ഹുങ്കിന് ജനങ്ങള്‍ മറുപടി നല്‍കുന്ന കാലം വിദൂരമല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവംതന്നെയാണ് പിണറായി വിജയനും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഗോവിന്ദന്‍ മാഷ് പറയുന്നത് കേട്ടാല്‍ അദ്ദേഹമാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് തോന്നുമെന്ന് ചെന്നിത്തല പരിസഹിച്ചു.