LogoLoginKerala

വന്ദേഭാരത് ട്രെയിനില്‍ വി കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍, ആര്‍ പി എഫ് കേസെടുത്തു

 
vande sreekandan

കൊച്ചി-വന്ദേ ഭാരതില്‍ വി കെ ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അനുമതിയില്ലാതെ സ്റ്റേഷനില്‍ പ്രവേശിക്കല്‍, പോസ്റ്റര്‍ പതിക്കല്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്ത്.
ഷൊര്‍ണൂര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോഗികളില്‍ 50 ഓളം പോസ്റ്ററുകള്‍ പതിച്ചത്. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിക്കുമ്പോള്‍ വി.കെ ശ്രീകണ്ഠന്‍ എംപിയും മറ്റ് നേതാക്കളും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
റെയില്‍വേ സുരക്ഷ ഉദ്യോഗസ്ഥരുടെ വലയം പൊട്ടിച്ചായിരുന്നു എംപിയുടെ നേതൃത്വത്തില്‍ പ്രകടനമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഇരച്ചുകയറിയത്. ട്രെയിന്‍ പുറപ്പടാന്‍ ഹോണ്‍ മുഴക്കിയപ്പോഴയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോസ്റ്റര്‍ ഒട്ടിക്കല്‍. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്.
പോസ്റ്ററൊട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നാണു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. തന്റെ അറിവോടെയല്ല പോസ്റ്ററൊട്ടിച്ചതെന്നു വി. കെ. ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.
 വന്ദേഭാരത് ട്രെയിനിന് പുറത്ത് സ്വന്തം പോസ്റ്ററുകള്‍ പതിച്ച വി.കെ. ശ്രീകണ്ഠന്‍ എം.പിയെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിശിതമായി വിമര്‍ശിച്ചു. വിലകുറഞ്ഞ നടപടിയായിപ്പോയി ഇതെന്നും ഭാരതത്തിന്റെ അഭിമാനമായ വന്ദേഭാരത് ട്രെയിനെ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നിലവാരമാണിത് കാണിക്കുന്നതെന്നും ഇപ്പോള്‍ ജിദ്ദയിലുള്ള മുരളീധരന്‍ പറഞ്ഞു.