LogoLoginKerala

ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ലേഖികയെ പ്രതിയാക്കി പോലീസ് കേസ്

 
akhila nandakumar

കൊച്ചി- മഹാരാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറടക്കമുള്ളവരെ പ്രതിയാക്കി കേസെടുത്ത് പോലീസ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ കേസില്‍ അഞ്ചാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജിലെ ആര്‍ക്കിയോളജി വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാറാണ് കേസില്‍ ഒന്നാം പ്രതി. മഹാരാജാസ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യര്‍ കേസില്‍ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാര്‍ഥി സി.എ. ഫൈസല്‍ നാലാം പ്രതിയുമാണ്.
പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കലും ഗൂഢാലോനയും അടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മഹാരാജാസ് ആര്‍ഷോയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മറ്റ് പ്രതികള്‍ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നുംഎഫ്.ഐ.ആറിലുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം


കൊച്ചി- ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസ് എടുത്തതില്‍ എറണാകുളം പ്രസ്‌ക്ലബ് പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണ്. ഇത് ആരോഗ്യപരമായ ജനാധിപത്യ രീതിക്ക് വിരുദ്ധവുമാണ്. ആര്‍ഷോ എഴുതാത്ത പരീക്ഷക്ക് മാര്‍ക്ക് ലിസ്റ്റ് ലഭ്യമായി എന്ന വാര്‍ത്ത നല്‍കുക മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചെയ്തത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് നിര്‍വീര്യരാക്കാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരോട് കാണിക്കുന്ന അനീതി കൂടിയാണ്. ഈ നടപടിയില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ല കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. അഖില നന്ദകുമാറിനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും  എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.