LogoLoginKerala

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ; ഓർഡിനൻസിന് അംഗീകാരം

 
Health workers
തിരുവനന്തപുരം - ആരോഗ്യ പ്രവർത്തകരുടെയും ആശുപത്രികളുടെയും സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ശുപാര്‍ശകളുള്ള ആരോഗ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും.
ഇപ്പോഴത്തെ നിയമത്തിലുള്ള ജയില്‍ശിക്ഷയും പിഴയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. 2012-ലെ നിയമം ഭേദഗതിചെയ്താണ് ഓര്‍ഡിനന്‍സിറക്കുന്നത്. അക്രമിച്ചാല്‍ കുറഞ്ഞ ജയില്‍ശിക്ഷ രണ്ടുവര്‍ഷം നിര്‍ബന്ധമാക്കുമെന്ന് അറിയുന്നു. ഉയര്‍ന്നത് ഏഴുവര്‍ഷംവരെയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
പരാതിലഭിച്ചാല്‍ ഒരുമണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്യണം. വീഴ്ചവരുത്തിയാല്‍ പോലീസുദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകും. അന്വേഷണത്തിനും വിചാരണയ്ക്കും നിശ്ചിതസമയപരിധിയുണ്ടാകും. 
എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയീടാക്കും.
സുരക്ഷാ ജീവനക്കാർ, ക്ലിനിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നവരേയും നിയമപരിധിയിൽ ഉൾപ്പെടുത്തി.
ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.