LogoLoginKerala

ബ്രഹ്മപുരത്ത് കരാര്‍ ലംഘനം നടത്തിയ സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയെന്ന് മുന്‍മേയര്‍മാര്‍

 
brahmapuram

കൊച്ചി- ബ്രഹ്മപുരം മാലിന്യസംസ്‌കരണ കരാര്‍ വ്യവസ്ഥകളില്‍ നഗ്‌നമായ ലംഘനം നടന്നിട്ടുണ്ട് എന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടിട്ടും സോണ്ട കമ്പനിയുടെ കരാര്‍ റദ്ദാക്കാതെ അവരെ സംരക്ഷിക്കുന്ന നിലപാട് നിയമ വാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മേയര്‍മാരായ ടോണി ചമ്മണിയും സൗമിനി ജെയിനും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഈ കാര്യത്തില്‍ കണ്ണൂര്‍, കൊല്ലം മേയര്‍മാര്‍ സ്വീകരിച്ച ജനപക്ഷ നിലപാട് കൈക്കൊള്ളാതെ പാര്‍ട്ടി നേതാക്കളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് കൊച്ചി മേയറെന്ന് അവര്‍ കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്ത് ഉണ്ടായ തീപിടുത്തത്തിന്റെയും തീ അണയ്ക്കുന്നതിന് രണ്ടാഴ്ച എടുത്തതും സര്‍ക്കാരിന്റെയും നഗരസഭയുടെയും കെടുകാര്യസ്ഥത മൂലമാണ്.വസ്തുതകള്‍ നിരത്തി കാര്യങ്ങള്‍ ജനസമക്ഷം പറയുന്നവരെ അധിക്ഷേപിക്കുന്ന സിപിഎം ശൈലിയാണ് ഇപ്പോള്‍ മേയര്‍ അനില്‍കുമാര്‍ സ്വീകരിക്കുന്നത്. ഇത് ഇരിക്കുന്ന പദവിയുടെ മാന്യതക്ക് ചേര്‍ന്നതല്ല. അനില്‍കുമാര്‍ കൂടി അംഗമായ ഭരണ സമിതി 2008ല്‍ ഉല്‍ഘടനം ചെയ്ത പ്ലാന്റിന്റെ ഓരോ നാള്‍വഴികള്‍ പരിശോധിച്ചാല്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും ചിത്രങ്ങള്‍ കാണാന്‍ കഴിയും. പ്രവര്‍ത്തനം ആരംഭിച്ചു രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ല്‍ പ്ലാന്റ് തകര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അനില്‍കുമാറിനു മാറിനില്‍ക്കാനാവില്ല. എന്നിരുന്നാലും പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലാത്ത ആ പ്ലാന്റില്‍ ജൈവ മാലിന്യ സംസ്‌കരണം യു ഡി എഫ് കാലത്ത് ഭംഗിയായി നിര്‍വഹിച്ചു. കേന്ദ്ര, സംസ്ഥാന അവാര്‍ഡുകളും പ്ലാന്റ് സന്ദര്‍ശിച്ച എന്‍ജിടിയുടെ പ്രശംസ ലഭിച്ചതും ഇതിന് തെളിവാണ്. എന്നിരുന്നാലും ശാശ്വത പരിഹാരം ഒരു ആധുനിക പ്ലാന്റ് സ്ഥാപിക്കുകയാണെന്നത് മനസിലാക്കി പ്ലാന്റ് സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപെട്ട പ്രകാരം 2016 ഫെബ്രുവരി 1ന് സര്‍ക്കാര്‍ പുതിയ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് ഒരു കമ്പനിയുമായി കരാര്‍ വച്ചു. എന്നാല്‍ ഇത് കൗണ്‍സില്‍ അംഗീകരത്തിന് വന്നപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ശക്തമായി എതിര്‍ത്ത് അജണ്ട മാറ്റിവയ്പ്പിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. പരിശോധനയെല്ലാം കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞാണ് 2018 മുഖ്യമന്ത്രി അതേ പ്ലാന്റ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. പിന്നീടും സര്‍ക്കാര്‍ നല്‍കേണ്ട അനുമതിപത്രങ്ങള്‍ പലതും ലഭിക്കാന്‍ കാലതാമസം നേരിട്ട ആ കമ്പനിയെ സര്‍ക്കാര്‍ ഒഴിവാക്കി. ചുരുക്കി പറഞ്ഞാല്‍ യുഡിഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആ പദ്ധതിക്ക് തുരങ്കം വച്ചില്ലായിരുന്നെങ്കില്‍ 2018ഓട് കൂടി അവിടെ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങുകയും ഇപ്പോഴുണ്ടായതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു.
ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിന് മേയര്‍ സൗമിനി ജയിന്റെ കാലത്ത് ഈറോഡിലുള്ള ഒരു കമ്പനി പതിനാറു കോടി രൂപക്ക് പദ്ധതി സമര്‍പ്പിച്ചപ്പോള്‍ നാലു കൗണ്‍സില്‍ യോഗങ്ങളില്‍ ബഹളവും അഴിമതിയും ആരോപിച്ചു അതും തടസ്സപ്പെടുത്തി. വിവാദത്തോടെ തീരുമാനമെടുക്കാന്‍ മേയര്‍ ഭയപ്പെട്ടു. പിന്നീട് അതേ പദ്ധതി അമ്പത്തിയഞ്ച് കോടി രൂപക്ക് ചെയ്യുന്നതിന് പാര്‍ട്ടി ബന്ധുവിന് കരാര്‍ ലഭിച്ചപ്പോള്‍ ടെന്‍ഡറിലെ ക്രമക്കേടുകള്‍ നഗരസഭാ ഒപ്പ് വെക്കുന്നതിനു മുന്‍പേ ചൂണ്ടിക്കാട്ടിയിട്ടും മുന്നോട്ടു പോകുകയായിരുന്നു. മാലിന്യ സംസ്‌കരണ പദ്ധതി സമയബന്ധിതമായി യഥാര്‍ഥ്യമാവുന്നതിന് തടസം സൃഷ്ടിച്ചതിന്റെ പാപക്കറ എത്ര കഴുകിയാലും മായാതെ കൊച്ചിയുടെ ചരിത്രത്തില്‍ അവശേഷിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.