LogoLoginKerala

ബ്രഹ്മപുരത്ത് അടിയന്തരമായി ഇടപെടണം: യു ഡി എഫ് എംപിമാര്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി

 
udf mps
വിഷയത്തിന്റെ വ്യാപ്തി മനസിലാക്കുന്നതിന് വേണ്ടി എയിംസില്‍ നിന്നും വിദഗ്ധ സംഘത്തെ അയയ്ക്കണമെന്ന് എം പിമാര്‍

ബ്രഹ്മപുരം വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് എംപിമാര്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ കണ്ടു. എറണാകുളത്തെ ജനങ്ങളുടെ ദയനീയ അവസ്ഥ ഹൈബി ഈഡന്‍ എം പി ശ്രദ്ധയില്‍ പെടുത്തി. അത്യധികം അപകടകാരിയായ ഡയോക്‌സിന്‍ ഉള്‍പ്പെടെയുള്ള വിഷവാതകം വായുവില്‍ പടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹൈബി പറഞ്ഞു.
മലിനീകരണത്തിന്റെ ആഴം എത്രമാത്രമാണെന്ന് പഠിക്കാനും പ്രദേശവാസികള്‍ക്ക് ദൂരവ്യാപകമായി സംഭവിക്കാന്‍ സാധ്യതയുള്ള ആരോഗ്യപ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനും വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ വ്യാപ്തി മനസിലാക്കുന്നതിന് വേണ്ടി എയിംസില്‍ നിന്നും വിദഗ്ധ സംഘത്തെ അയയ്ക്കണമെന്ന് എം പിമാര്‍ ആവശ്യപ്പെട്ടു.
തീപിടുത്തവുമായി ബന്ധപ്പെട്ട് മാനുഷിക ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നും ഉണ്ടെങ്കില്‍ കുറ്റക്കാരെ സമയബന്ധിതമായി ശിക്ഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവ്യവസ്ഥകള്‍ ബലപ്പെടുത്തണമെന്നും ഏറ്റവും നൂതനമായ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാന്‍ കേന്ദ്രം ധനസഹായം നല്‍കണമെന്നും നിവേദനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പക്ഷേ സംഭവം നടന്നു ഇത്രയും ദിവസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രസര്‍ക്കാരിനോട് ഏതെങ്കിലും സഹായം അഭ്യര്‍ത്ഥിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കേന്ദ്രമന്ത്രി എം പി മാരോട് ചോദിച്ചത്.വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ദുരന്തനിവാരണത്തിന് വേണ്ടി മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു സമയബന്ധിതമായ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി മന്‍സൂക് മാണ്ഡവ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. വിഷപ്പുക മൂലം ശ്വാസ കോശ രോഗിയായ വാഴക്കാല സ്വദേശി ലോറന്‍സിന്റെ മരണം ഹൈബി ഈഡന്‍ എം പി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
ഇതേ വിഷയത്തില്‍ ഹൈബി ഈഡന്‍ എംപി ഇന്ന് രാവിലെ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് അനുമതിയും തേടിയിരുന്നു.ഹൈബി ഈഡന്‍ എം പിയും ബെന്നി ബെഹനാന്‍ എം പിയും ചേര്‍ന്നാണ് കേന്ദ്രമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. എം പിമാരായ കെ മുരളീധരന്‍,കൊടിക്കുന്നില്‍ സുരേഷ്,എന്‍ കെ പ്രേമചന്ദ്രന്‍,എം കെ രാഘവന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി,ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.