ബ്രഹ്‌മപുരത്ത് പുകയടങ്ങിയില്ല, ആളിക്കത്തി രാഷ്ട്രീയപ്പോര്

ബ്രഹ്‌മപുരത്ത് പുകയടങ്ങുന്നതിന് മുമ്പേ മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ രാഷ്ട്രീയപ്പോര് ആളിക്കത്തുന്നു. നഗരസഭ മാറിമാറി ഭരിച്ചവര്‍ക്ക് മാലിന്യസംസ്‌കരണത്തിലെ പരാജയത്തില്‍ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് നഗരവാസികള്‍ പറയുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം അഴിമതി ആരോപണങ്ങളുമായി രംഗത്തുവന്നു.
അഡ്വ. എം അനില്‍കുമാര്‍ മേയറായ ഇടതു ഭരണസമിതി മാലിന്യസംസ്‌കരണത്തിന്റെ ചുമതലയേല്‍പിച്ചത് സി പി എം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റെ കമ്പനിയായ 'സോണ്‍ട ഇന്‍ഫ്രാടെക്കി'നെയാണ്. മാലിന്യം സംസ്‌കരിക്കുന്നതില്‍ ഇവര്‍ക്കുണ്ടായ പരാജയമാണ് തീപിടുത്തത്തിലേക്ക് എത്തിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കരാര്‍ കാലാവധിക്ക് മുമ്പ് എന്തെങ്കിലും ചെയ്തുവെന്ന് വരുത്താനായി കരാറുകാര്‍ തന്നെയാണ് മാലിന്യക്കൂമ്പാരത്തിന് തീയിട്ട് അട്ടിമറി സൃഷ്ടിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സി പി എം ഉന്നത നേതാവിന്റെ ബന്ധുവിന് കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണവുമായി വന്നതിന് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റെ കമ്പനിക്ക് കരാര്‍ നല്‍കാതിരുന്നതിലുള്ള വിരോധമാണെന്നാണ് സി പി എം ഭരണസമിതിയുടെ പ്രത്യാരോപണം. ജി ജെ എക്കോ പവര്‍ എന്ന സ്ഥാപനത്തിന് കോണ്‍ഗ്രസ് ഭരണകാലത്ത് ടെന്‍ഡര്‍ പോലുമില്ലാതെ തുടര്‍ച്ചയായി കരാര്‍ നല്‍കുകയാണ് ചെയ്തിരുന്നത്. അവര്‍ക്ക് മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനായില്ല. ഇക്കുറി ടെന്‍ഡര്‍ ക്ഷണിച്ചാണ് യോഗ്യതയുള്ള കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ മാലിന്യസംസ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ലെന്ന് മേയര്‍ എം അനില്‍കുമാര്‍ സമ്മതിക്കുന്നു.
ഇതിനിടയില്‍ വിഷയം മുന്‍ മേയര്‍ ടോണി ചമ്മിണിയും കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും തമ്മിലുള്ള ചെളിവാരിയെറിയലായി മാറിയത് കോണ്‍ഗ്രസിന് ക്ഷീണമായി. സോണ്‍ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് വേണുഗോപാലിന്റെ മകന്റെ കമ്പനിക്കാണെന്ന് ടോണി ചമ്മിണി പറഞ്ഞതാണ് കോണ്‍ഗ്രസില്‍ പോരിന് തുടക്കമിട്ടത്. തന്റെ മകന്‍ ബാംഗ്ലൂരിലും ഗോവയിലുമാണ് താമസവും ബിസിനസും നടത്തുന്നതെന്നും ബ്രഹ്‌മപുരം കരാറുമായി ഒരു ബന്ധവുമില്ലെന്ന് വിശദീകരിച്ച് രംഗത്തുവന്ന വേണുഗോപാല്‍, ടോണി ചമ്മിണിക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചതോടെ ഉള്‍പ്പോര് കനത്തു. ടോണി ചമ്മിണിയുടെയും പിന്നീട് വന്ന സൗമിനി ജെയിന്റെയും ഭരണ കാലത്ത് ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ കരാര്‍ നല്‍കിയത് ടോണിയുടെ അടുത്ത ആളുകളുടെ കമ്പനിക്കാണെന്നാണ് വേണുഗോപാല്‍ ആരോപിച്ചത്. ബ്രഹ്‌മപുരം തീപിടുത്തത്തില്‍ സി പി എം ഭരണ സമിതിയെ പൂര്‍ണമായും പിന്തുണക്കുന്ന നിലപാട് എന്‍ വേണുഗോപാല്‍ സ്വീകരിച്ചത് കോണ്‍ഗ്രസിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടവര്‍ മുഖം രക്ഷിക്കാന്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലായാണ് ബ്രഹ്‌മപുരത്ത് വിഷപ്പുകയുടെ പിടിയിലമര്‍ന്ന നാട്ടുകാര്‍ രാഷ്ട്രീയപ്പോരിനെ കാണുന്നത്.