LogoLoginKerala

ബ്രഹ്മപുരം: ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര വൈദഗ്ധ്യം ലഭ്യമാക്കും
 
pinarayi
21ന് ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ച, മാലിന്യ പ്ലാന്റുകള്‍ക്കെതിരെ ഉയരുന്ന ആസൂത്രിത പ്രതിഷേധങ്ങള്‍ ഇനി വകവെച്ച് കൊടുക്കില്ല

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. തീപിടുത്തത്തെക്കുറിച്ച് പ്രത്യേക സംഘം  അന്വേഷണം നടത്തും. ബ്രഹ്മപുരം  മാലിന്യപ്ലാന്റ് നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. തീപിടിത്തത്തിന്റെ കാരണവും മുന്‍കരുതല്‍ നടപടികളും പ്രത്യേക സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മാലിന്യ പ്ലാന്റുകള്‍ക്കെതിരെ ഉയരുന്ന ആസൂത്രിത പ്രതിഷേധങ്ങള്‍ ഇനിയും താങ്ങാനാകില്ലെന്നും ഇത്തരം പ്രതിഷേധങ്ങള്‍ ഇനിയും വകവെച്ച് കൊടുക്കില്ലെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി മാറ്റാമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. 
മാലിന്യ പ്ലാന്റിന്റെ തുടക്കം മുതലുള്ള ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടക്കത്തില്‍ മാലിന്യം വേര്‍തിരിച്ചായിരുന്നു സംസ്‌കരണം നടത്തിയത്. ജനപങ്കാളിത്തത്തോടെയുള്ള മാലിന്യ സംസ്‌കരണത്തില്‍ നിന്നും പിന്നീട് കൊച്ചി കോര്‍പ്പറേഷന്‍ പിന്നോട്ട് പോയി. അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് എത്തി. 5,59,000 ടണ്‍ മാലിന്യം കുമിഞ്ഞു കൂടി. ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം നടപ്പിലാക്കിയില്ല. 23 തവണ മുന്‍ ഭരണ സമിതി അജണ്ട മാറ്റി വെച്ചു. 350 കോടി ചെലവില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നടന്നില്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് നിര്‍മ്മിക്കാന്‍ ആവുമെന്ന് കരുതുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് പടര്‍ന്നു പിടിച്ച തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചു.  കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീ അണക്കാന്‍ കഴിഞ്ഞു. ഏകോപിതമായ പ്രവര്‍ത്തനമാണ് നടന്നത്. തീപിടിത്തം ഉണ്ടായത് മുതല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിന് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. മാര്‍ച്ച് നാലിന് യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി തലത്തില്‍ ഏകോപിപ്പിച്ചു വ്യോമസേനയെ അടക്കം വിന്യസിച്ചു. മാര്‍ച്ച് എട്ടിന് ഉന്നതതലയോഗം ചേര്‍ന്നു. മാര്‍ച്ച് 13 തീ പൂര്‍ണമായും അണച്ചു. ചെറിയ തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തി വരുകയാണ്. നിരവധി വര്‍ഷങ്ങളായി വേര്‍തിരിക്കാതെ കിടന്നിരുന്ന മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. ആറ് മീറ്റര്‍ ആഴത്തില്‍ തീ പിടിച്ചു. കൃത്രിമ മഴ പ്രായോഗികമല്ല എന്നായിരുന്നു വിദഗ്ധ അഭിപ്രായം. മാലിന്യം ഇളക്കി മറിച്ച് തീ അണയ്ക്കുന്ന രീതിയാണ് അവലംബിച്ചത്. മാര്‍ച്ച് നാല് മുതല്‍ അന്തരീക്ഷവായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിച്ചു. 1335 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. 21 പേര്‍ക്ക് കിടത്തി ചികിത്സ ആവശ്യമായി വന്നു. 262 പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. ഗുരുതരമായ പ്രശ്‌നം ആര്‍ക്കും തന്നെ ഇല്ല. അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് ബ്രഹ്മപുരത്ത് നടന്നതെന്ന്് മുഖ്യമന്ത്രി പറഞ്ഞു. 
ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21 23  തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തും. മറ്റ് ഏജന്‍സികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്‌നം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.