കൊച്ചി കോര്‍പറേഷന് 100 കോടി പിഴയിട്ട് ഹരിത ട്രൈബ്യൂണല്‍

കൊച്ചി- ബ്രഹ്മപുരം തീപിടിത്തത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. നൂറു കോടി രൂപ ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിക്ക് കൈമാറണം. പിഴ ഇനത്തില്‍ ലഭിക്കുന്ന തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുജാനോഗ്യത്തിന് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണം. സര്‍ക്കാര്‍ എന്ത് കൊണ്ട് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ അധ്യക്ഷനായ ജസ്റ്റിസ് എ കെ ഗോയല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചോദിച്ചു.
തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണമായും പരാജയപ്പെട്ടു. ബ്രഹ്്മപുരത്ത് 2012 മുതല്‍ മാലിന്യനിര്‍മാര്‍ജനച്ചട്ടങ്ങളുടെയും സുപ്രീംകോടതി ഉത്തരവുകളുടെയും നിരന്തര ലംഘനമാണ് നടക്കുന്നത്. കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുകയാണ്. മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊന്നും പാലിച്ചക്കപ്പെട്ടില്ല. അന്തരീക്ഷ വായുവിലും പരിസരത്തെ ചതുപ്പിലും മാരകമായ അളവില്‍ വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. വേണ്ടിവന്നാല്‍ 500 കോടി പിഴ ഈടാക്കുമെന്ന് ട്രൈബ്യൂണല്‍ ഇന്നലെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിശദമായ വാദംകേള്‍ക്കലുകള്‍ കൂടാതെ തന്നെ ഇന്നലെ രാത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഭരണ നിര്‍വഹണത്തില്‍ വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്ന് ഇന്നലെ ട്രൈബ്യൂണല്‍ വാക്കാല്‍ പരാമര്‍ശിക്കുകയുണ്ടായി. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണെന്നും ജസ്റ്റിസ് ഗോയല്‍ വിമര്‍ശിച്ചിരുന്നു.
കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തെന്നും ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് വാദിച്ചെങ്കിലും ട്രൈബ്യൂണല്‍ വഴങ്ങിയില്ല. ഹൈക്കോടതി നടപടികളില്‍ ഇടപെടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഈമാസം 13നു വൈകിട്ടോടെ തീയണച്ചെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി വി.വേണു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പ്ലാന്റിലേക്ക് എത്തുന്ന ജൈവമാലിന്യത്തിന്റെ തോതു കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് അയയ്ക്കാതെ ക്ലീന്‍ കേരള കമ്പനി വഴി ശേഖരിക്കുക, അജൈവ മാലിന്യം വീടുകള്‍ തോറും ശേഖരിക്കുക, കനാലുകളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കുക, അനധികൃതമായി മാലിന്യം തള്ളുന്നത് തടയുക, ഡിജിറ്റല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതായി സത്യവാങ്മൂലത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ശങ്കറും ഹാജരായി.