LogoLoginKerala

ബ്രഹ്മപുരം അഗ്നിബാധ: പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍

500 കോടി രൂപ പിഴ ചുമത്തേണ്ടിവരുമെന്നും ഗ്രീന്‍ ട്രൈബ്യൂണല്‍
 
justice a k goyal
കേരളത്തില്‍ നടക്കുന്നത് മോശം ഭരണം: ജസ്റ്റിസ് എ കെ ഗോയല്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ അഗ്നിദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരള ഗവണ്‍മെന്റിനാണെന്ന് ദേശീയഹരിത ട്രൈബ്യൂണല്‍. ആവശ്യമെങ്കില്‍ 500 കോടി രൂപ പിഴ കേരള സര്‍ക്കാരില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ജസ്റ്റിസ് എ കെ ഗോയല്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ മോശം ഭരണമാണ് നടക്കുന്നതെന്നും ജസ്റ്റിസ് ഗോയല്‍ കുറ്റപ്പെടുത്തി. 
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസാണ് ജസ്റ്റിസ് എ കെ ഗോയലിന്റെ അധ്യക്ഷതയിലുള്ള പ്രിന്‍സിപ്പല്‍ ബെഞ്ച് ഇന്ന് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാകരും സര്‍ക്കാര്‍ പ്രതിനിധിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവും ഹാജരായിരുന്നു. അദ്ദേഹത്തോടാണ് കോടതി മുന്നറിയിപ്പുകള്‍ നല്‍കിയത്. ബ്രഹ്മപുരത്തുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ ഈ പ്രതിസന്ധിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. അതില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു നില്‍ക്കാനാകില്ല- ജസ്റ്റിസ് എ കെ ഗോയല്‍ മമുന്നറിയിപ്പ് നല്‍കി. 
എന്നാല്‍ ബ്രഹ്്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതുകൊണ്ടു തന്നെ ദേശീയഹരിത ട്രൈബ്യൂണല്‍ സമാന്തരമായി ഇടപെടല്‍ നടത്തരുതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ട്രൈബ്യൂണലില്‍ നിന്ന് ഉത്തരവ് വന്നാല്‍ ഹൈക്കോടതിയിലിരിക്കുന്ന കേസിനെ അത് ബാധിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിക്കാന്‍ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ ട്രൈബ്യൂണല്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും ജസ്റ്റിസ് ഗോയല്‍ വ്യക്തമാക്കി. 
സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തായിരിക്കും ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പടുവിക്കുക. ഉത്തരവ് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന.