ബ്രഹ്മപുരം പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തില്‍, ദൗത്യം 90 ശതമാനം പിന്നിട്ടു

നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി
കൊച്ചി-ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.
ബ്രഹ്മപുരത്ത് പുകയണയ്ക്കാന്‍ മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി. പുക അണയ്ക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ബ്രഹ്മപുരത്തെ സാഹചര്യത്തില്‍ ഇവയൊന്നും ഫലപ്രദമല്ല. തീപിടിത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ ക്യാമറകളും എച്ച് എച്ച് ഗ്യാസ് മോണിറ്ററുകളും വാങ്ങാന്‍ തീരുമാനിച്ചു. പുക ഉയരുന്ന സാഹചര്യത്തില്‍ റിസ്‌ക് അനാലിസിസ് നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. തീപിടിത്തത്തെ തുടര്‍ന്ന് പ്ലാന്റില്‍ അവ ശേഷിക്കുന്ന ചാരം ഉടന്‍ നീക്കാനും യോഗം നിര്‍ദേശിച്ചു.