LogoLoginKerala

തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സോണ്‍ട കമ്പനി കൈകഴുകി

ജൈവമാലിന്യസംസ്‌കരണ കരാറുകാരന്‍ സി പി എം നേതാവ്
 
zonta infratech

കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ജൈവമാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുള്ള ബാംഗ്ലൂര്‍ ആസ്ഥാനമായ സോണ്‍ട ഇന്‍ഫ്രാ ടെക് കമ്പനി തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബയോ മൈനിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ടയുടെ ഉത്തരവാദിത്തമല്ലെന്ന് കമ്പനി പറയുന്നു.  തീപിടിത്തത്തിന് കാരണം മീഥേന്‍ ബഹിര്‍ഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവില്‍ സഹകരിക്കുന്നുണ്ടെന്നും സോന്‍ട ഇന്‍ഫ്രാടെക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി സോന്‍ട ഇന്‍ഫ്രാടെക് കരാറിലെത്തിയത്. ജനുവരി 21, 2022ലാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോന്‍ട ഇന്‍ഫ്രാടെക് പ്രതികരിച്ചു. മുതിര്‍ന്ന സി പി എം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സോണ്‍ട.
അതേസമയം ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് കളമശേരിയിലെ പ്രാദേശിക സിപിഎം നേതാവിന്റെ കമ്പനിക്കാണെന്ന് വ്യക്തമായി. കരാര്‍ ലഭിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ട് പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. പ്രതിദിന മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും ഒടുവില്‍ കരാര്‍ നേടിയ കമ്പനി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സാണ്. തീപിടുത്തം ഉണ്ടായ മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്.
കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2021 ഏപ്രില്‍ 21നാണ്. മാലിന്യ സംസ്‌കരണത്തില്‍ ഒരു മുന്‍പരിചയവും സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനില്ല. എന്നാല്‍ ടെക്‌നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് കരാര്‍ സ്വന്തമാക്കിയത് മുതല്‍ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടണ്‍ മാലിന്യ സംസ്‌കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന. 100 ടണ്‍ പോലും പ്രതിദിന സംസ്‌കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്‌നിക്കല്‍ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം. പ്രതിദിന മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങള്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍്‌സ് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.