ബ്രഹ്‌മപുരത്ത് തീയണഞ്ഞു, പുകയടങ്ങിയില്ല

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലേക്ക്. ചതുപ്പായ പ്രദേശം ഒഴികെയുള്ള മേഖലകളില്‍ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതില്‍ ഇന്നു തന്നെ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
മാലിന്യ കേന്ദ്രത്തിലെ തീ 100 ശതമാനവും നിയന്ത്രണ വിധേയമായെന്ന് തൃക്കാക്കര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ എന്‍ സതീഷ് പറഞ്ഞു. 95 ശതമാനവും തീയണക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ ഉമേഷ് അറിയിച്ചതിന് പിന്നാലെയാണ് അഗ്നിശമന പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലക്കാരനായ കെ എന്‍ സതീഷിന്റെ പ്രതികരണം. മാസ്‌ക് ധരിക്കാതെ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നില്‍ക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.
ചില സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ നാല്‍പത് അടി വരെ ആഴത്തില്‍ കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ റി ഇഗ്‌നിഷന്‍ ഉണ്ടാകുമെന്നും അത് അപ്പപ്പോള്‍ കണ്ടെത്തി എസ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം കുഴിച്ച് വെള്ളം പമ്പ് ചെയ്ത് അണക്കും. സ്ഥിതി ഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാകുന്നതു വരെ ഇതിനായുള്ള കരുതല്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിംഗ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും. ഫയര്‍ ടെന്‍ഡറുകള്‍ ചെളിയില്‍ താഴുന്നത് ഒഴിവാക്കാന്‍ മെറ്റലും നിരത്തി.
തന്റെ ഫയര്‍ഫോഴ്‌സ് ടീം നടത്തിയ ഏറ്റവും ശ്രമകരമായ രക്ഷാദൗത്യം വിജയത്തിലെത്തിയതിന്റെ ആശ്വാസവും അഭിമാനവുമുണ്ടെന്നും കെ എന്‍ സതീഷ് പറഞ്ഞു. 11 ദിവസമായി വിഷപ്പുകയുടെ മധ്യത്തില്‍ നിന്ന് കൊടും ചൂടിലാണ് ഇടതടവില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. അവര്‍ പ്രാഥമിക ചികിത്സ നേടിയ ശേഷം വീണ്ടും കര്‍മ രംഗത്തെത്തി. സ്തുത്യര്‍ഹവും ത്യാഗഭരിതവുമായ ആത്മാര്‍പ്പണത്തോടെയുള്ള സേവനമാണ് അവര്‍ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകള്‍ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും ഷിഫ്റ്റുകളില്‍ അഗ്‌നിശമന പ്രവര്‍ത്തനം നടക്കുന്നു.
ഫയര്‍ ടെന്‍ഡറുകള്‍ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയില്‍ നേരിടുന്ന പ്രശ്‌നം. കടമ്പ്രയാറില്‍ നിന്നും ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് ഉന്നത മര്‍ദ്ദത്തില്‍ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടില്‍ 4000 ലിറ്റര്‍ വെളളമാണ് ഇത്തരത്തില്‍ പമ്പു ചെയ്യുന്നത്. ഫയര്‍ ടെന്‍ഡറുകള്‍ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാന്‍ പമ്പ് ഉപയോഗിക്കുന്നു
കഴിഞ്ഞ രാത്രിയില്‍ 105 അഗ്‌നിശമന സേനാംഗങ്ങളും, 14 എ എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും, 14 പോലീസുകാരും ബി.പി.സി.എല്ലിലെ 5 പേരും, 35 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 20 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും, 19 ഹോം ഗാര്‍ഡുകളുമാണ് പങ്കെടുത്തത്. 18 ഫയര്‍ യൂണിറ്റുകളും, 14 എസ്‌കവേറ്ററുകളും ഹൈ പ്രഷര്‍ പമ്പുകളും ഉപയോഗിച്ചു. ആംബുലന്‍സും മെഡിക്കല്‍ സംഘവും ഉണ്ടായിരുന്നു.
പുകയുടെ അളവില്‍ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നു. ഇതു സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന കോളുകളുടെ എണ്ണത്തിലും കുറവുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.