LogoLoginKerala

ബ്രഹ്മപുരം: അട്ടിമറി കണ്ടെത്താനാകാതെ പോലീസ്, ഫൊറന്‍സിക് പരിശോധനാ ഫലം നിര്‍ണായകം

 
brahmapuram fire
ആദ്യം തീപിടിച്ചത് സോണ്‍ടാ കമ്പനിയുടെ പരിധിയിലുള്ള സെക്ടര്‍ ഒന്നില്‍, 6 സി സി ടി വികളിലെ ദൃശ്യങ്ങള്‍ വീണ്ടെടുത്തു

കൊച്ചി- ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിന് പിന്നിലെ അട്ടിമറി കണ്ടെത്താനാകാതെ പോലീസ്. മാലിന്യമലയ്ക്ക് ആരെങ്കിലും തീയിട്ടതാണെന്നതിനുള്ള സൂചനകളൊന്നും ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീപിടിത്തുമുണ്ടായ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 12 സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെങ്കില്‍ ഫൊറന്‍സിക് പരിശോധനയില്‍ അതിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ സ്വാഭാവിക തീപിടുത്തുമെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിക്കും.
മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സെക്ടര്‍ ഒന്നിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.  ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ 12 എണ്ണത്തില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദപരിശോധനയില്‍ കണ്ടെത്തി. സെക്ടര്‍ ഒന്ന് ബയോമൈനിംഗിനായി സോണ്‍ട ഇന്‍ഫോടെക്കിന് കൈമാറിയിട്ടുള്ള സ്ഥലത്ത് ഉള്‍പ്പെട്ടിട്ടുള്ളതാണ്. സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സോണ്ട ഇന്‍ഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടര്‍ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടര്‍ന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. മാര്‍ച്ച് 2നു വൈകിട്ടാണ് തീപ്പിടിത്തം ആരംഭിച്ചത്. വളരെ വേഗത്തില്‍ ഈ തീ ആളിപ്പടര്‍ന്നെന്ന് ദൃശ്യങ്ങളില്‍ കാണിക്കുന്നു. ന
ാട്ടുകാര്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും  ജീവനക്കാരടക്കം നിരവധി പേരുടെ കാള്‍ റെക്കോഡുകളും പോലീസ് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ മണ്ണെണ്ണയുടെയോ മറ്റോ സാന്നിധ്യം കണ്ടെത്തിയാലും തുടരന്വേഷണം ശ്രമകരമാകും. ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ അസാധാരണമായി ഒന്നും കണ്ടെത്തുന്നില്ലെങ്കില്‍ കൊടും ചൂടില്‍ മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ബയോഗ്യാസിന് തീപിടിച്ചതാണെന്ന നിഗമനത്തിലേക്കാകും പോലീസ് എത്തിച്ചേരുക.