LogoLoginKerala

ബ്രഹ്മപുരത്തെ വിഷപ്പുക: വൃദ്ധന്‍ മരിച്ചു

വിഷപ്പുകയുടെ ആദ്യ ഇരയെന്ന് ബന്ധുക്കള്‍
 
brahmapuram death

കൊച്ചി- ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ നിന്നു വമിച്ച വിഷപ്പുക ശ്വസിച്ച് കൊച്ചിയില്‍ ആദ്യ മരണം. വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം അനുഭവിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫ് ആണ് മരണപ്പെട്ടത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എഴുപതുകാരനായ ലോറന്‍സ് ജോസഫ് ശ്വാസകോശ രോഗിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ ശ്വാസം മുട്ടിനെ തുടര്‍ന്ന് ലോറന്‍സ് ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ശ്വാസതടസം മാറിയിരുന്നില്ല. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മരിച്ച നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ് ലോറന്‍സിന്റെ ഭാര്യ ലിസി പറയുന്നത്.
ബ്രഹ്മപുരത്തു നിന്നുള്ള പുക വാഴക്കാല ഭാഗത്ത് രൂക്ഷഗന്ധത്തിനിടയാക്കിയിരുന്നു. ഈ ഭാഗത്തുള്ള പലരും ചികിത്സ തേടുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ആരോഗ്യ വകുപ്പോ ഭരണകൂടമോ പ്രതികരിച്ചിട്ടില്ല. മരണകാരണത്തെക്കുറിച്ച് ആശുപത്രി അധികൃതരും പ്രതികരിച്ചിട്ടില്ല.