LogoLoginKerala

ബോട്ട് ഉടമയുടെ സഹോദരനും അയല്‍വാസിയും കൊച്ചിയില്‍ പിടിയില്‍

ഫിഷിംഗ് ബോട്ട് രൂപമാറ്റം വരുത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി

 
boat tragedy

മലപ്പുറം- താനൂരില്‍ 22 പേരെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ ബോട്ട് ഉടമ താനൂര്‍ സ്വദേശി നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ എറണാകുളത്ത് പോലീസിന്റെ പിടിയിലായി. മുന്‍കൂര്‍ ജാമ്യത്തിനായി നിയമസഹായം തേടിയെത്തിയപ്പോഴാണ് രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തത്. നാസറിന്റെ മൊബൈല്‍ ഫോണും വാഹനവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഒളിവില്‍ കഴിയുന്ന നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളില്‍ ആള്‍ക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസര്‍ വീട്ടിലില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. താനൂര്‍ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസര്‍, നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സര്‍വീസ് തുടങ്ങിയത്.

അപകടത്തില്‍ പെട്ട ബോട്ട് മാന്വല്‍ അനുസരിച്ചു നിര്‍മിച്ച ബോട്ട് അല്ലെന്നും മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി മേടിച്ചു രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണെന്നും മലപ്പുറം ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് കുറ്റപ്പെടുത്തി.  മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു. ഒരു മാസം മുന്‍പ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സര്‍വീസ് നടന്നത്. പരാതി വന്നപ്പോള്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അനുമതി നല്‍കിയത് എന്ന് പറയപ്പെടുന്നു. 18 പേരെ കയറ്റാവുന്ന ബോട്ടില്‍ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി. ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാല്‍ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നും ജോയ് പറയുന്നു.

മീന്‍പിടിത്ത ബോട്ട് പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മീന്‍പിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ബോട്ട് സര്‍വീസിനിറങ്ങിയത്.

ഈ ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികള്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ട് നില ബോട്ടിന്റെ ഉയരവും അതിന് ആനുപാതികമായി വീതിയില്ലാത്തതിനാല്‍ ബോട്ട് ചരിയുമെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടുകളുടെ അടിഭാഗം പരന്നിട്ടാണ്.  എന്നാല്‍ ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി യു ഷേപ്പിലാണ്. യാത്രക്കാര്‍ ഒരു ഭാഗത്തേക്ക് നീങ്ങിയാല്‍ ബോട്ട് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.