കള്ളപ്പണ നിക്ഷേപ പരാതി; ഇ.പി.ജയരാജനെതിരെ ആരോപണം ഉയര്‍ന്ന റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സിപിഎമ്മില്‍ ആരോപണത്തിനിടയാക്കിയ കണ്ണൂര്‍ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയാണ് ഈ റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. ഇവരുടെ മകനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്.ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇ.പി.ജയരാജനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നത്.
കൊച്ചിയില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. ഇതിനിടെ റിസോര്‍ട്ടിലെ ഇടപാടിനെതിരെ ഇ.ഡി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രാഥമിക അന്വേഷണവും തുടങ്ങി.
പി.ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതോടെയാണ് ആയുര്‍വേദ റിസോര്‍ട്ട് വിവാദമായത്. ഇതില്‍ അതൃപ്തനായ ഇ.പി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.റിസോര്‍ട്ടിലെ പരിശോധന ഇ.പി.ജയരാജനും സിപിഎമ്മിനും തലവേദനയായേക്കും.വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു.