മോദിപ്രഭയില്‍ ഗുജറാത്തില്‍ വീണ്ടും ബിജെപി, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, സാന്നിധ്യമുറപ്പിച്ച് ആം ആദ്മി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയത്തിലേക്ക്. ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കും വിധമുള്ള ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായത്. നിലവില്‍ 149 സീറ്റില്‍ വ്യക്തമായ ലീഡാണ് ബി ജെ പിക്കുള്ളത് തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തിരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്ന് ബി ജെ പി അധികാരത്തിലെത്തിയത്.
ബി ജെ പിയുടെ നേട്ടത്തിനൊപ്പം തന്നെ കോണ്‍ഗ്രസ് കനത്ത പരാജയവും ഇവിടെ ചര്‍ച്ചയാവുകയാണ്. നിലവില്‍ 20 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് സാന്നിധ്യം അറിയിക്കാനെങ്കിലും കഴിഞ്ഞത്. ആം ആദ്മി പാര്‍ടിക്ക് എട്ട് സീറ്റില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് വോട്ടുകള്‍ എ.എ.പി. കവര്‍ന്നെടുന്ന ചിത്രമാണ് ഗുജറാത്തില്‍ കാണുന്നത്. നരേന്ദ്രമോദിയെന്ന നേതാവിന്റെ ക്യാന്പനുകളും റാലികളും ഗുജറാത്ത് രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി താരപ്രഭ തെളിയിച്ചു എന്ന് ഈ ഘട്ടത്തില്‍ വിലയിരുത്തേണ്ടി വരും. വോട്ടെണ്ണല്‍ അവസാന റൌണ്ടിലാണ്.
അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഗുജറാത്തില്‍ ലീഡ് ചെയ്യുന്നു. 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബി.ജെ.പി. അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ് എത്തിനില്‍ക്കുന്നത്. ഇത്തവണ വീടുകയറിയിറങ്ങി നടത്തിയ പ്രചാരണവും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ നടന്ന ക്യാമ്പയിനും പരാജയപ്പെട്ടു എന്നാണ് ഈ ഘട്ടത്തില്‍ മനസ്സിലാവുന്നത്. ആം ആദ്മി പാര്‍ട്ടിയിലേക്ക് മറിഞ്ഞ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ പോലും കാര്യമായ നേട്ടമൊന്നും കോണ്‍ഗ്രസിന് ഇവിടെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന അപചയത്തിന്റെ ചെറിയൊരു പതിപ്പ് മാത്രമാണ് നിലവില്‍ ഗുജറാത്ത് ഫലത്തിലും പ്രതിഫലിക്കുന്നത്.