ബി ജെ പി നേതൃത്വത്തിന്റെ ഈസ്റ്റര്‍ നയതന്ത്രത്തില്‍ ഞെട്ടി കോണ്‍ഗ്രസ്

തിരുവനന്തപുരം-ഒരുവശത്ത് തല്ലും മറുവശത്ത് തലോടലുമായി കേരളത്തിലെ ബിഷപ്‌സ് ഹൗസുകള്‍ കയറിയിറങ്ങി ബി ജെ പിയുടെ ഈസ്റ്റര്‍ നയതന്ത്രം. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടക്കുന്നുവെന്ന മുറവിളി ഉയരുമ്പോള്‍ ഇവിടെ ഈസ്റ്റര്‍ ആശംസകളുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീടുകളും ബിഷപ്‌സ് ഹൗസുകളും കയറിയിറങ്ങുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബി ജെ പിയുടെ ഈ നയതന്ത്ര നീക്കം ക്രൈസ്തവ വോട്ട് ബാങ്കിന്റെ് കുത്തകാവകാശം കൈവശം വെക്കുന്ന കോണ്‍ഗ്രസിനെ ഞെട്ടിച്ചു. എന്തുകൊണ്ട് ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നിയില്ലെന്ന് പരസ്പരം ചോദിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ബി ജെ പിയുടെ മുന്‍നിര നേതാക്കള്‍ ഇന്നു രാവിലെ മുതല്‍ ബിഷപ്‌സ് ഹൗസുകള്‍ കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ വെള്ളയമ്പലം ബിഷപ്പ് ഹൗസ് എത്തി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പം ബിഷപ്പ് ഹൗസില്‍ എത്തി. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി. പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ തലശ്ശേരി ബിഷപ്പ് ഹൗസും സന്ദര്‍ശിച്ചു. സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ തലശ്ശേരി അതിരൂപത ആസ്ഥാനത്തെത്തിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് നേതാക്കള്‍ ഈസ്റ്റര്‍ ആശംസാകാര്‍ഡ് കൈമാറുകയും ചെയ്തു. എറണാകുളത്ത് ഡോ. കെ എസ് രാധാകൃഷ്ണനും ജില്ലാ പ്രസിഡണ്ട് ഷൈജുവും ബിഷപ്‌സ് ഹൗസുകള്‍ സന്ദര്‍ശിച്ച് ആശംസയറിയിച്ചു. മലയാറ്റൂര്‍ മലകയറ്റം പാളിയെങ്കിലും എ എന്‍ രാധാകൃഷ്ണനും പുരോഹിതരെ കണ്ട് ആശംസ നേരാനെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിശ്രമത്തില്‍ കഴിയുന്നതിനിടയില്‍ ക്രൈസ്തവ വോട്ട് ബാങ്ക് രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രത്തിലുള്ള ബി ജെ പി അധികാരത്തിന്റെ പിന്‍ബലത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള വലിയ ചുവടുവെയ്പുകളുമായി തന്ത്രപരമായി മുന്നോട്ടു പോകുന്നത്.