LogoLoginKerala

ഈദ് ദിനത്തിൽ മുസ്ലീം ഭവനങ്ങൾ സന്ദർശിച്ച് ആശംസ നേരാൻ ബിജെപി പ്രവർത്തകരെത്തും

 
Modi with Muslim people
തിരുവനന്തപുരം- ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ബി. ജെ. പി പ്രവര്‍ത്തകര്‍ ഈദിന് മുസ്‌ലിം വീടുകളിലെത്തും. ബി. ജെ. പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍ എം. പിയാണ് പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഷു ദിനത്തില്‍ അയല്‍പക്കത്തെ ക്രിസ്ത്യാനികളെ വീടുകളിലേക്ക് ക്ഷണിച്ച് വിഷുക്കൈനീട്ടം നല്‍കാനും ബി. ജെ. പി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 
ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച 'സ്നേഹയാത്ര' വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബി. ജെ. പി നേതൃത്വമുള്ളത്. നരേന്ദ്ര മോഡിയുടെ ഈസ്റ്റര്‍ സന്ദേശം വീടുകളില്‍ എത്തിക്കാന്‍ എട്ട് ലക്ഷം കാര്‍ഡുകള്‍ കേരളത്തില്‍ തയ്യാറാക്കിയിരുന്നു. ഈസ്റ്ററിന് തൊട്ടുമുമ്പും പിമ്പുമായി സഭാമേലധ്യക്ഷന്‍മാര്‍ ബി. ജെ. പിക്ക് അനുകൂലമായി പ്രസ്താവനകള്‍ ഇറക്കിയത് ബി. ജെ. പിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 
ഈസ്റ്ററിന് ക്രിസ്ത്യൻ ഭവനങ്ങള്‍ സന്ദർശിച്ച പോലെയായിരിക്കും ഈദിന് മുസ്‌ലിം വീടുകളും സന്ദര്‍ശിക്കുക. ഇതു വഴി എല്ലാ മതങ്ങളോടും ഒരേ സമീപനമാണെന്ന സന്ദേശം നൽകാനാണ് ശ്രമം.