സുരക്ഷാ ഭീഷണി സന്ദേശം പുറത്തുവിട്ടതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് ബി ജെ പി
പ്രധാനമന്ത്രിയുടെ പരിപാടിക്ക് ജനപങ്കാളിത്തം കുറയുമെന്ന് ആശങ്ക

തിരുവനന്തപുരം- പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി സൃഷ്ടിച്ച വ്യാജവധഭീഷണിക്കത്ത് പോലീസ് പുറത്തുവിട്ടത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെക്കുറക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ബി ജെ പി. കൊച്ചി നഗരത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബി ജെ പി സംഘടിപ്പിക്കുന്ന റോഡ് ഷോ സംബന്ധിച്ച് പോലീസ് ഉന്നതര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന് കലൂര്‍ സ്വദേശി അയച്ച ഭീഷണിക്കത്ത് പുറത്തുവരുന്നത്. പ്രധാനമന്ത്രിക്ക് കേരളത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ കത്തും ഇതിന് പിന്നാലെ പുറത്തുവന്നു.
പ്രധാനമന്ത്രിയുടെ പരിപാടിയിലെ ജനപങ്കാളിത്തം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമായാണ് ഇതിനെ ബി.ജെ.പി. കാണുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ത്തിയും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണമാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.
ചാവേറാക്രമണ ഭീഷണി ഉള്‍ക്കൊള്ളുന്ന കത്ത് ഈമാസം 18-നാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിക്കുന്നത്. അന്നുതന്നെ കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. കത്തിന്റെ ഉള്ളടക്കം പുറത്താകുന്നത് പ്രധാനമന്ത്രിയുടെ പരിപാടിയിലെ പങ്കാളിത്തത്തെ ബാധിക്കുമെന്ന ആശങ്ക ബിജെ.പി.ക്കുണ്ടായിരുന്നതിനാലാണ് ഇത് രഹസ്യമായി സൂക്ഷിച്ചത്. ആ വിവരങ്ങളാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ഇതാണ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ബി.ജെ.പി. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കാന്‍ കാരണം.
കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ചീഫ് സെക്രട്ടറി വിളിച്ച സുരക്ഷാ അവലോകന യോഗത്തില്‍ അറിയിച്ചിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വേണമെന്നും എ.ഡി.ജി.പി. ആവശ്യപ്പെട്ടു. 15,000 പേര്‍ പങ്കെടുക്കുമെന്നാണ് ഈ യോഗത്തില്‍ പങ്കെടുത്തിരുന്ന സുരേന്ദ്രന്‍ അറിയിച്ചത്. വാഹനങ്ങളില്‍ ആളെ എത്തിക്കാന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ കൂടുതല്‍ ആളുകളെത്തിയാല്‍ അത് നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാവിക ആസ്ഥാനംമുതല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.