ഭീഷണിക്കത്ത് പുറത്തുവിട്ടത് വീഴ്ചയെന്ന് ബി ജെ പി, അന്വേഷിക്കുമെന്ന് പോലീസ്

തിരുവനന്തപുരം- പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് കേരള പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോലീസ് നടപടി ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ്.
പോലീസ് ഇടപെട്ടാണ് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഭീഷണിക്കത്ത് പോലീസിന് കൈമാറിയിട്ട് ഒരാഴ്ചയോളമായി. പ്രധാനമന്ത്രി വരുന്നതിന് രണ്ട് ദിവസം മുന്‍പ് തന്നെ കത്ത് പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയവരില്‍ ഭരണകക്ഷിയിലെ ഒരു സംഘടനയും ഉണ്ടെന്നത് ഗൗരവതരമാണ്. ഇതില്‍ സര്‍ക്കാരും സിപിഎമ്മും മറുപടി പറയണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാഭീഷണിയാണ് കേരളത്തില്‍. മതമൗലികവാദികള്‍ സുരക്ഷാഭാഷണി മുഴക്കി എന്നത് ഗൗരവകരമായ കാര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിഡിപി, പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ പേരുകളാണുള്ളത് റിപ്പോര്‍ട്ടിലുള്ളത്. പേരുകള്‍ പുറത്തുവിട്ട പോലീസ് തന്നെയാണ് ഇവരെ സംരക്ഷിക്കുന്നത്. സുരക്ഷാഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നില്‍ പോലീസ് ബുദ്ധിയാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. എന്തൊക്കെ വന്നിരുന്നാലും നിശ്ചയിച്ച പ്രകാരം തന്നെ പരിപാടികള്‍ നടക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വന്‍ വിജയമായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലീസ് പുറത്തുവിട്ടത് ഗുരുതരമായ അലംഭാവമാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ ഐ പി എസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.