LogoLoginKerala

ജനവിധി അട്ടിമറിക്കാന്‍ രഹസ്യനീക്കം, ബി ജെ പി- കുമാരസ്വാമി ചര്‍ച്ച

കോണ്‍ഗ്രസില്‍ അടിപൊട്ടുന്നതും കാത്ത് ബി ജെ പി നേതൃത്വം

 
hd kumaraswami

പ്രതിസന്ധിയുണ്ടായാല്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിക്കാന്‍ ഹൈദരാബാദില്‍ റിസോര്‍ട്ടി് ബുക്ക് ചെയ്തു

 
ബെംഗളൂരു- കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി തമ്മിലടിയുണ്ടായാല്‍ അട്ടിമറി നീക്കവുമായി ബി ജെ പിയും എച്ച് ഡി കുമാരസ്വാമിയും രംഗത്തുവരും. തോല്‍വി അംഗീകരിച്ചതായും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞെങ്കിലും ബി ജെ പി നേതൃത്വം കോണ്‍ഗ്രസിലെ സംഭവവികാസങ്ങളെ ഉറ്റുനോക്കുകയാണ്. മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസില്‍ അടിപൊട്ടിയാല്‍ അവസരം മുതലെടുക്കാന്‍ അവര്‍ രംഗത്തിറങ്ങുമെന്നതിന്റെ ആദ്യസൂചന വന്നു കഴിഞ്ഞു. സംഭവ വികാസങ്ങള്‍ ആ വഴിക്ക് ഉരുത്തിരിഞ്ഞാല്‍ സത്യപ്രതിജ്ഞ കഴിയുന്നത് വരെ എംഎല്‍എമാരെ ഹൈദരബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ക്യാംപ് തയ്യാറാകും. കുതിരക്കച്ചവട സാധ്യത മുന്നില്‍ കണ്ട് ഹൈദരാബാദില്‍ എം എല്‍ എമാരെ താമസിപ്പിക്കാന്‍ നേരത്തെ തന്നെ ഒരു റിസോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബുക്ക് ചെയ്തിരുന്നു.

കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈ നേടി നില്‍ക്കെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കനം വെക്കുന്നത്. ബെംഗളൂരുവിലെ ടാജ് വെസ്റ്റെന്റ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് ബി ജെ പിയുടെ പ്രമുഖ നേതാക്കളുമായി കുമാരസ്വാമി രഹസ്യ ചര്‍ച്ച നടത്തിയത്. ജെ ഡി എസിന്റെ മറ്റൊരു പ്രമുഖ നേതാവായ ഡി കുപേന്ദ്രറെഡ്ഡിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ബി എസ് യെദിയൂരപ്പയുടെ വീടിന് അടുത്താണ് കൂടിക്കാഴ്ച നടന്ന ഹോട്ടലെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ മറ്റ് ചില അവകാശവാദങ്ങള്‍ ഉയര്‍ന്നാല്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗം ബി ജെ പിയുമായി ധാരണയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരമൊരു നീക്കത്തിനാണ് ബി ജെ പി തുടക്കമിട്ടിരിക്കുന്നത്. ബി ജെ പി പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരിനെ പ്രതിഷ്ഠിച്ചാല്‍ ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തിന്റെ പിന്‍ബലം ബി ജെ പിക്ക് ലഭിക്കും. മറിച്ചായാല്‍ ലോക്‌സഭയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി ലഭിക്കാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ ആവശ്യപ്പെട്ടതും അപ്രതീക്ഷിതമായി. കോണ്‍ഗ്രസ് മുന്നേറ്റം അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ധരാമയ്യയുടെ മകന്‍ അവകാശവാദം ഉയര്‍ത്തിയത്. കര്‍ണാടകയുടെ താല്‍പര്യത്തിന് വേണ്ടി എന്റെ പിതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.  ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല... അത് കര്‍ണാടകയുടെ താല്‍പര്യമായിരുന്നു. എന്റെ പിതാവിനെ മുഖ്യമ്രന്തിയാക്കണം. -യതീന്ദ്ര വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നൂ. ഒരു മകനെന്ന നിലയില്‍, അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നു. ഒരു കര്‍ണാടകക്കാരനെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഭരണമായിരുന്നു സംസ്ഥാനം കണ്ട ഏറ്റവും മികച്ചത് എന്നു പറയാന്‍ കഴിയൂം. ഈ സമയത്തും അദ്ദേഹം മുഖ്യമന്ത്രിയായാല്‍, ബിജെപിയുടെ കാലത്ത് നടന്ന അഴിമതികളും ദുര്‍ഭരണങ്ങളുമെല്ലാം തിരുത്താന്‍ കഴിയും. -യതീന്ദ്ര കൂട്ടിച്ചേര്‍ത്തു.