പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബില്‍ ഗേറ്റ്‌സ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് കൂടുതല്‍ ശുഭാപ്തി വിശ്വാസം ലഭിക്കാന്‍ കൂടിക്കാഴ്ച ഫലം ചെയ്‌തെന്ന് ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി.
''പ്രധാനമന്ത്രിയുമായുള്ള എന്റെ സംഭാഷണം ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയില്‍ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് എന്നത്തേക്കാളും ശുഭാപ്തിവിശ്വാസം നല്‍കി.ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റു നിര്‍ണായക മേഖലകള്‍ എന്നിവയില്‍ ഇന്ത്യയില്‍ നടക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് ഈ ആഴ്ച ഇന്ത്യയില്‍ ഉണ്ടായിരുന്നു. ലോകം വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ ഒരു സ്ഥലം സന്ദര്‍ശിക്കുന്നത് പ്രചോദനകരമാണ്. സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ധാരാളം വാക്‌സീനുകള്‍ നിര്‍മിക്കാനുള്ള അതിശയകരമായ കഴിവ് ഇന്ത്യയ്ക്കുണ്ട്. അവയില്‍ ചിലത് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണ്. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സീനുകള്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിച്ചു'' ബില്‍ ഗേറ്റ്‌സ് ബ്ലോഗില്‍ കുറിച്ചു.
'ബില്‍ ഗേറ്റ്സിനെ കാണാനും പ്രധാന വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്താനും സാധിച്ചതില്‍ സന്തോഷമുണ്ട്. മികച്ചതും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കാനുള്ള വിനയവും അഭിനിവേശവും അദ്ദേഹത്തില്‍ വ്യക്തമായി കാണാം''...ബ്ലോഗിനു മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പിഎം ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍, ജി20 അധ്യക്ഷസ്ഥാനം, വിദ്യാഭ്യാസം, നവീകരണം, രോഗങ്ങളെ ചെറുക്കുക, ചെറുധാന്യങ്ങളിലേക്കുള്ള മുന്നേറ്റം തുടങ്ങിയ ഇന്ത്യയുടെ നേട്ടങ്ങളെയും ബില്‍ ഗേറ്റ്‌സ് പ്രശംസിച്ചു