ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. യാത്രയുമായി ബന്ധപ്പെട്ട് ചില നിര്‍ദ്ദേശങ്ങള്‍ സുരക്ഷ ഉദ്യോഗസ്‌റര്‍ മുന്നോട്ട് വച്ചിരിക്കുകയാണ്. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്നാണ് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചത്. എന്‍.ഡി.ടി.വി.ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്.
ജമ്മുവില്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാറില്‍ സഞ്ചരിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനനടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറില്‍ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.