LogoLoginKerala

ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്: രാഹുലിന്റെ സുരക്ഷയില്‍ ഉന്നതതല യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്

 
bharath jodo

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഈ സാഹചര്യത്തില്‍ യാത്രയുടെ സുരക്ഷ സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നതതല യോഗം ചേര്‍ന്നു. ജനുവരി 19ന് യാത്ര കശ്മീരിലെത്തും.

ജമ്മു കശ്മീരില്‍ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ അവലോകനം ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന റൂട്ടുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപിക്ക് കാശ്മീര്‍ പോലീസും സിആര്‍പിഎഫും സുരക്ഷയൊരുക്കും. അറിയാവുന്നവരെ മാത്രമേ രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ഉള്‍പ്പെടുത്താവൂ എന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. ഇതോടൊപ്പം കശ്മീരിലെ ചില സ്ഥലങ്ങളില്‍ കാല്‍നടയായി യാത്ര ചെയ്യരുതെന്നും കോണ്‍ഗ്രസ് എംപിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ജമ്മുവിലെ ലഖന്‍പൂരില്‍ നിന്ന് ആരംഭിച്ച് കത്വ, ഹിരാനഗര്‍, ബനിഹാള്‍ തുരങ്കം വഴി കശ്മീര്‍ താഴ്വരയിലെത്തും. അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ (എഎസ്എല്‍) ഉള്ള ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരിക്കുന്നതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് എംപി 58 കമാന്‍ഡോകളുടെ സംരക്ഷണത്തിലായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യെല്ലോ ബുക്ക് ഓഫ് സെക്യൂരിറ്റിയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്