LogoLoginKerala

പിൻവലിച്ച 2000 രൂപാ നോട്ടുകൾ ഇന്നുമുതൽ ബാങ്കുകളിൽ മാറ്റി വാങ്ങാം

 
2000
ന്യൂഡൽഹി - പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റി വാങ്ങാം. പൊതുജനങ്ങൾക്ക് ഒരുസമയം 2000ത്തിന്റെ പത്ത് നോട്ടുകൾ( അതായത് 20,000 രൂപവരെ) ബാങ്കിൽ പോയി മാറിയെടുക്കാം. ബാങ്കിന്റെ ശാഖകളിൽ നിന്ന് 2000 രൂപ നോട്ടുകൾ മാറ്റാൻ ബാങ്കിന്റെ ഉപഭോക്താവ് ആയിരിക്കണം എന്നില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000ത്തിന്റെ നോട്ടുകൾ മാറ്റാം. നോട്ടുകൾ മാറ്റിയെടുക്കുന്നതിനു പ്രത്യേക ഫീസുകൾ ഇല്ല. സൗജന്യമായി നോട്ടുകൾ മാറ്റിയെടുക്കാം.2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചിട്ടുണ്ട്.. തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ല.
നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയും ചെയ്യാം.
നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്രമീകരണങ്ങൾ ചെയ്യാനും ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാൽ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതിൽ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്.