LogoLoginKerala

കേരളത്തില ആയൂര്‍വേദത്തിന് ലോക വിപണി ലഭിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കണം; വി. മുരളീധരന്‍

 
v muraleedharan

തിരുവനന്തപുരം;  ലോകമെമ്പാടും ആയുര്‍വേദത്തിന് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയാണ്  ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും,  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആയുര്‍വേദം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളീയ ആയുര്‍വേദത്തിന് ഈ വളര്‍ച്ചയുടെ പങ്കുപറ്റാന്‍  സാധ്യമാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.  അതുകൊണ്ട് തന്നെ കേരളീയ ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കായി വിവിധ മേഖലകളില്‍ ലോബിയിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോബിയിങ് എന്നത് എന്തോ മോശപ്പെട്ട കാര്യമായിട്ടാണ് നമ്മള്‍ കരുതിവരുന്നത്, എന്നാല്‍ അത് ഇപ്പോഴത്തെ കാലത്ത് അങ്ങനെയല്ല. എത്ര നല്ല ഉല്‍പ്പന്നമാണ് നമ്മുടെതെങ്കിലും അതിന് ആവശ്യമായ പരിഗണന ലഭിക്കുന്നതിനായി ഇപ്പോള്‍ ലോബിയിങ് ഒരു ആവശ്യമായ ഘടകമാണ്. അതുകൊണ്ടുതന്നെ കേരള ആയുര്‍വേദത്തിനായി നമ്മള്‍ ലോബിയിങ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തെ കേരളത്തിലേക്ക് എത്തിക്കുന്നതിന് ചാലകശക്തി ആകാന്‍ ആയുര്‍വേദത്തിന് കഴിയും. അതിലൂടെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ കഴിയുമെന്നും  വി. മുരളീധരന്‍ പറഞ്ഞു.

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍സ് (CISSA)യുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും സഹകരണത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഇപ്രാവശ്യം തിരുവനന്തപുരത്തുവച്ചാണ് നടത്തപ്പെടുന്നത്. സെപ്റ്റംബര്‍ മാസം 21 മുതല്‍ 25 വരെ സംഘടിപ്പിക്കപ്പെടുന്ന  ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യവും ശാസ്ത്രീയതയും ലോക സമക്ഷം പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നടത്തപ്പെടുന്നത്. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിജയത്തിനായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ചെയര്‍മാനായും, സിസ്സയുടെ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരന്‍ വര്‍ക്കിംഗ് ചെയര്‍മാനായും,ഡോ.സി.സുരേഷ് കുമാര്‍ ( ത്രിവേണി നേഴ്‌സിങ് ഹോം) സെക്രട്ടറി ജനറലായും ഡോ.വി.ജി.ഉദയകുമാര്‍ ജനറല്‍ കണ്‍വീനറായും ഉള്ള  കമ്മിറ്റിയും രൂപീകരിച്ചു.  

ചടങ്ങില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സി ഡി.ലീന, മുന്‍ ഡി എ എം ഇ ഡോ
പി ശങ്കരന്‍കുട്ടി,  ബേബി മാത്യു സോമതീരം, CISSA സെക്രട്ടറി ഡോ. സി.സുരേഷ് കുമാര്‍, ഡോ. ഡി ജയന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എസ്.വേണു സ്വാഗതവും ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി പദ്ധതി വിശദീകരണവും നടത്തി.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനു മുന്നോടിയായി ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫയര്‍ എന്ന പേരില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുജനങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്പുകള്‍,ശാസ്ത്ര സെമിനാറുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങി  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. എ എം എ ഐ, എ എച്ച് എം എ, എ എം എം ഒ ഐ, വിശ്വ ആയുര്‍വേദ പരിഷത്ത് തുടങ്ങി ആയുര്‍വേദ രംഗത്തെ വിവിധ സംഘടനകള്‍ അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍, വിവിധ ആയുര്‍വേദ മെഡിക്കല്‍ കോളേജുകള്‍, പ്രധാനപ്പെട്ട ആയുര്‍വേദ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അടങ്ങുന്ന നൂറോളം പേര്‍ മീറ്റിംഗില്‍ പങ്കെടുത്തു.