LogoLoginKerala

ആതിഖ് അഹമ്മദിനെ വെടിവെച്ചു കൊന്നത് പ്രശസ്തിക്കു വേണ്ടിയെന്ന് പ്രതികള്‍

പോലീസ് വീഴ്ചയില്‍ ഞെട്ടി ഉത്തര്‍പ്രദേശ്‌
 
athiq ahammed murder


ആതിഖ് അഹമ്മദിനെ ഇല്ലാതാക്കാനും അതുവഴി പ്രശസ്തരാകാനും ആഗ്രഹിച്ചിരുന്നതായി പ്രതികളായ ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവരുടെ മൊഴി,മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന പ്രതികള്‍ ആതിഖിനെ പന്തുടര്‍ന്നു,

അലഹബാദ്- മുന്‍ നിയമസഭാംഗവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും ശനിയാഴ്ച വെടിവെച്ച് കൊലപ്പെടുത്താന്‍ മൂന്ന് പേര്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ക്യാമറയുമായി മാധ്യമപ്രവര്‍ത്തകരെപ്പോലെ വേഷം ധരിച്ച് പ്രതികള്‍ ദിവസം മുഴുവന്‍ ആതിഖിനെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്ക് ആതിഖ് അഹമ്മദിനോട് വ്യക്തിവിദ്വേഷമില്ലെന്നാണ് പോലീസ് പറയുന്നത്. ആതിഖ് അഹമ്മദിനെ ഇല്ലാതാക്കാനും അതുവഴി പ്രശസ്തരാകാനും തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി അക്രമികളായ ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍  ഇവര്‍ക്ക് ചില സംഘടനകളുമായി ബന്ധമുണ്ട് എന്ന റിപ്പോര്‍ട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ടു പേരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ചില ഹിന്ദു സംഘടനകളുമായി ബന്ധമുള്ളതായാണ് സൂചന.
വ്യാഴാഴ്ച പ്രയാഗ്രാജിലെത്തിയ ഇവര്‍ ഒരു ലോഡ്ജിലാണ് താമസിച്ചത്. ലോഡ്ജ് മാനേജരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആതിഖും അഷ്റഫും പോലീസ് കസ്റ്റഡിയിലാണെന്നും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കൊലയാളികള്‍ പറഞ്ഞു. ആതിഖുമായി അടുത്തിടപഴകാന്നാണ് മാധ്യമപ്രവര്‍ത്തകരുടെ വേഷം ധരിച്ചതും ദിവസം മുഴുവന്‍ പിന്തുടര്‍ന്നതും.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്റു ഡിവിഷണല്‍ ഹോസ്പിറ്റലിന് പുറത്ത് രാത്രി 10 മണിയോടെ കൈവിലങ്ങ് അണിയിച്ച് ആതിഖിനെയും അഷ്റഫിനെയും ഗേറ്റില്‍ നിന്ന് അകത്തേക്ക് കൊണ്ടുപോകുമ്പോള്‍ മൂന്ന് പേര്‍ വെടിവെക്കുകയായിരുന്നു. മാധ്യമ സംഘത്തിനൊപ്പം എന്ന വ്യാജ്യേനയെയാണ് ഇവര്‍ വളരെ അടുത്തെത്തി വെടിവെച്ചു. പോയിന്റ് ബ്ലാങ്കില്‍ നിന്ന് അരുണ്‍ മൗര്യ ആദ്യ ബുള്ളറ്റ് അതിഖിന്റെ തലയിലേക്ക് തൊടുത്തു. 20 ലധികം റൗണ്ടുകള്‍ കൊലയാളികള്‍ വെടിവച്ചു. ആതിഖും അഷ്റഫും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അക്രമികളില്‍ നിന്ന് മൂന്ന് വ്യാജ മീഡിയ ഐ.ഡി കാര്‍ഡുകളും ഒരു മൈക്രോഫോണും ക്യാമറയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. വെടിവയ്പ്പിന് ശേഷം അക്രമികള്‍ പോലീസില്‍ കീഴടങ്ങുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കാലില്‍ വെടിയുണ്ടകളില്‍ ഒന്ന് പതിച്ച ലവ്ലേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു അതിഖ് അഹമ്മദ്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 90ലധികം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. 2018ല്‍ അലഹബാദ് സര്‍വകലാശാലയിലെ പ്രൊഫസറെ ആക്രമിച്ച കേസിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.ദേശീയ സുരക്ഷാ നിയമപ്രകാരം 2019ല്‍ ഗുജറാത്തിലെ ജയിലിലായിരുന്നു.
ഇയാളുടെ സഹോദരന്‍ അഷ്റഫും ഒരു ഗുണ്ടാസംഘമായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഝാന്‍സി ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മകന്‍ അസദ് അഹമ്മദ് കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്കുള്ളിലാണ് ആതിഖിന്റെയും അഷ്റഫിന്റെയും കൊലപാതകം. മകന്റെ സ്ംസ്‌കാരച്ചടങ്ങിന് പോകുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പോകാന്‍ കഴിയില്ലെന്ന് ആതിഖ് മറുപടി പറയുമ്പോഴാണ് പിന്നില്‍ നിന്ന് അക്രമികള്‍ നിറയൊഴിച്ചത്. താഴെ വീണ ആതിഖിനെയും അഷ്‌റഫിനെയും തോക്കിലെ തിരയൊഴിയുന്നതു വരെ ഇവര്‍ വെടിവെച്ചുകൊണ്ടിരുന്നു.