നിയമസഭാ സഭാ സ്തംഭനം തുടരുന്നു, നിസ്സഹകരിച്ച് പ്രതിപക്ഷം, ചോദ്യോത്തരവേള റദ്ദാക്കി
തിരുവനന്തപുരം: ആവശ്യങ്ങളില്‍ തീരുമാനം വരും വരം നിസ്സഹകരണമെന്ന നിലപാടിലില്‍ ഉറച്ചു നിന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് ശേഷം മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷ തീരുമാനം.
പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയാണ് പ്രതിപക്ഷം സഭ ആരംഭിച്ചപ്പോഴെ പ്രതിഷേധം തുടങ്ങിയത്. ചെയറിന് മുന്നില്‍ ബഹളം ഉണ്ടാകരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് ഉത്തരം പറയാന്‍ അനുവദിക്കണം. ജനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യത്തിനാണ് മറുപടി പറയുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞു.
സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പൊലീസിനെ അയച്ച മോദി സര്‍ക്കാരിന്റെ അതേ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സഭയുമായി സഹകരിച്ചു പോകാനാകില്ല. സര്‍ക്കാര്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭയില്‍ ചോദ്യോത്തര വേള തുടങ്ങിയത്. നിയമസഭയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ലോ- കോളേജ് സംഘര്‍ഷം അടിയന്തര പ്രമേയമായി ഉന്നയിച്ച് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക എന്ന ലക്ഷ്യവുമായാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഉന്നയിച്ച് നോട്ടീസ് നല്‍കുന്നത് തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ്.
11 മണിക്ക് നടന്ന കാര്യോപദേശക സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നു. തിരുവനന്തപുരം: നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്നും യോഗത്തിൽ തീരുമാനമായി. ഈ മാസം 30 വരെ തുടരാനാണ് തീരുമാനം. അതുവരെയുള്ള നടപടികള്‍ ഷെഡ്യൂള്‍ ചെയ്തു.