തമിഴ്‌നാട്ടിലും റേഷന്‍ കടയില്‍ അരി തേടിയെത്തി അരിക്കൊമ്പന്‍
മണലാർ എസ്റ്റേറ്റിലെ റേഷൻകട തള്ളിത്തുറക്കാൻ ശ്രമിച്ചു
May 15, 2023, 11:36 IST
ഇടുക്കി- തമിഴ്നാട്ടിലെ മേഘമലയിറങ്ങിയ അരിക്കൊമ്പന്‍ അരി തേടി റേഷന്‍ കടയിലെത്തിയതായി തമിഴ്‌നാട് വനംവകുപ്പ്. മേഘമലക്കും കേരളാതിര്‍ത്തിയിലെ പെരിയാര്‍ വനത്തിനുമിടയിലുള്ള മണലാര്‍ എസ്റ്റേറ്റിനടുത്ത റേഷന്‍ കടയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ച അരിക്കൊമ്പന്‍ നാശനഷ്ടമുണ്ടാക്കാതെ മടങ്ങി. തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ റേഷന്‍ കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടു കൂടിയാണ് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയില്‍ അരിക്കൊമ്പന്‍ അരി തേടിയെത്തിയത്. തുടര്‍ന്ന് റേഷന്‍ കടയുടെ വാതില്‍ തുള്ളിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ കട തകര്‍ക്കുകയോ അരി എടുക്കുകയോ ഒരു വിധത്തിലുമുള്ള നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല. കട തള്ളിത്തുറക്കാന്‍ കഴിയാതെ വന്നതോടെ ആന മടങ്ങിപ്പോയി.
ചിന്നക്കനാല്‍ മേഖലയില്‍ അരിക്കൊമ്പന്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തിയിരുന്നത് അരി തേടിയാണ്. റേഷന്‍ കടകളും വീടുകളും തകര്‍ത്ത് അരിഭക്ഷിച്ച് മടങ്ങുകയാണ് ഇവന്‍ ചെയ്തിരുന്നത്. ഇഷ്ട ഭക്ഷണമായ അരിയോടുള്ള അരിക്കൊമ്പന്റെ പ്രിയം അറിയാവുന്നതിനാല്‍ തമിഴ്‌നാട് വനം വകുപ്പ് പ്രത്യേക ജാഗ്രത പുലര്‍ത്തിവരികയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ അവിടെനിന്ന് കേരളാര്‍ത്തിയോടടുത്തുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് അരിക്കൊമ്പന്‍ എത്തിയത് തമിഴ്‌നാട് വനംവകുപ്പിന് ആശ്വാസമായിട്ടുണ്ട്. ഇവിടെനിന്ന് പെരിയാര്‍ സങ്കേതത്തിലേക്ക് അരിക്കൊമ്പന്‍ മടങ്ങുമെന്നാണ് കേരള-തമിഴ്‌നാട് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്. അരിക്കൊമ്പന്റെ നീക്കങ്ങള്‍ ജി പി എസ് കോളറില്‍ നിന്നുള്ള സിഗ്നലുകളിലൂടെ കൃത്യമായി ശേഖരിച്ച് തമിഴ്‌നാട് വനംവകുപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന് സാധിക്കുന്നുണ്ട്. ഇതുവരെ അരിക്കൊമ്പന്‍ അതിക്രമങ്ങളൊന്നും നടത്താത്തതിനാല്‍ അവര്‍ ആനക്ക് പ്രത്യേക കരുതലാണ് നല്‍കിവരുന്നത്.