LogoLoginKerala

കാട്ടിലേക്ക് മടങ്ങാതെ അരിക്കൊമ്പന്‍; ദൗത്യസംഘം ജാഗ്രതയില്‍

ജനവാസമേഖലയിലെത്തിയാലുടന്‍ മയക്കുവെടി വെക്കും
 
arikomban

ഇടുക്കി- തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്ക് മടങ്ങാതെ വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് വനംവകുപ്പ്. ഇതേ തുടര്‍ന്ന് ഓപ്പറേഷന്‍ അരശിക്കൊമ്പനുമായി ദൗത്യസംഘം വീണ്ടും സജീവമായി. 

റേഡിയോ കോളറില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ സിഗ്നല്‍ കാണിക്കുന്നത് അരിക്കൊമ്പന്‍ കമ്പത്ത് ചുരുളി മേഖലയുടെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുണ്ടെന്നാണ്. ഇന്നലെ കാടു കയറിയ ആന മേഘമലയിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് വനം വകുപ്പിന് ലഭിച്ചത്. അങ്ങനെയെങ്കില്‍ മയക്കുവെടി ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അരിക്കൊമ്പന് ജനവാസ മേഖലകളില്‍ ഇറങ്ങാനുള്ള പ്രവണതയുള്ളതിനാല്‍ വീണ്ടും കമ്പത്തേക്ക് എത്തുമെന്നാണ് ആശങ്ക. ജനവാസ മേഖലയിലേക്കെത്തിയാല്‍ ഉടനടി മയക്കുവെടി വെക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരും മെരുക്കി വാഹനത്തില്‍ കയറ്റാന്‍ മൂന്നു കുങ്കിയാനകളും സജ്ജമായി നില്‍ക്കുകയാണ്. തമിഴ്നാട് വനംമന്ത്രിയും 150ല്‍ അധികം വരുന്ന ഉദ്യോഗസ്ഥ സംഘവും അരിക്കൊമ്പന്‍ മിഷന്റെ ഭാഗമായി കമ്പത്തെത്തിയിട്ടുണ്ട്. കമ്പത്ത് രണ്ടാം ദിവസവും നിരോധനാജ്ഞ തുടരുകയാണ്.ജനങ്ങളുടെ ഇടപെടല്‍ ആനയെ ഭയപ്പെടുത്തിയതായി മന്ത്രി ഡോ. എം. മതിവേന്തന്‍ പറഞ്ഞു.

ഇന്നലെ രാവിലെ ചുരുളിപ്പട്ടി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്ന അരിക്കൊമ്പന്‍ ഇവിടത്തെ വനത്തിനുള്ളിലെ ക്ഷേത്രത്തിന് സമീപത്തെ പ്ലാവിലെ ചക്ക ആഹാരമാക്കിയതും തോട്ടത്തിന്റെ സംരക്ഷണവേലി നശിപ്പിച്ചതുമടക്കം കണ്ടെത്തി.
മയക്കുവെടി വയ്ക്കാന്‍ ഉദ്യോഗസ്ഥരടക്കം എത്തിയെങ്കിലും ഇതിന് പറ്റിയ സ്ഥലമല്ലാതിരുന്നതിനാല്‍ ഉപേക്ഷിച്ചു. പിന്നീട് ആന കുത്തനാച്ചിയാര്‍ വനമേഖലയിലേക്ക് കടന്നു. ഇവിടെയടക്കം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. രണ്ട് തവണയാണ് ഇന്നലെ ആനയെ നേരില്‍ കണ്ടത്. രാവിലെ തന്നെ കമ്പത്ത് നിന്ന് 12 കി.മീ. അകലെ ആന എത്തിയിരുന്നു. മേഘമല കടന്നാല്‍ ആനയ്ക്ക് തിരികെ കേരളത്തിലെ പെരിയാറിലേക്ക് എത്താനുമാകും. 

കഴിഞ്ഞ മാസം നടന്ന അരിക്കൊമ്പന്റെ ആദ്യ ദൗത്യത്തിലും ഇതിന് സമാനമായിരുന്നു കാര്യങ്ങള്‍. ഓപ്പറേഷന്റെ തൊട്ട് തലേന്ന് വൈകിട്ട് വരെ ആന കണ്‍മുന്നില്‍ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് ആനയെ ഏറെനേരം തെരഞ്ഞ ശേഷമാണ് കണ്ടെത്താനായത്.