LogoLoginKerala

അരികൊമ്പൻ : ഹൈക്കോടതി ഉത്തരവിനെതിരായ സ്വകാര്യ ഹർജി സുപ്രിം കോടതി 24ന് പരിഗണിക്കും

മൃഗസ്നേഹികളുടെഎതിർപ്പ് തള്ളി

 
Arikomban
ന്യൂഡല്‍ഹി- അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് സുപ്രീം കോടതി പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്നലെ തള്ളിയകാര്യം മൃഗസ്‌നേഹികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പറമ്പികുളത്തേക്ക് മാറ്റിയശേഷം അരികൊമ്പന്‍ അക്രമാസക്തമായാല്‍ ജനങ്ങള്‍ ആനയ്‌ക്കെതിരെ അക്രമം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പി.ടി 7-നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ വി.കെ ബിജു ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. തടസഹര്‍ജി ഫയല്‍ ചെയ്തിരുന്ന മൃഗ സ്‌നേഹികളുടെ സംഘടനകള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് ഹാജരായത്. 
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ വെട്ടിലായ സർക്കാരിന് ആശ്വാസം പകരുന്നതാണ് പുതിയ ഉത്തരവ്.