അരിക്കൊമ്പനെ മാറ്റുന്നത് രഹസ്യമായിവെക്കും, വിദഗ്ധസമിതി പറയുന്നത് ചെയ്യാമെന്ന് സര്‍ക്കാര്‍

അരിക്കൊമ്പന്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ ഹൈക്കോടതി വിമര്‍ശനം. എങ്ങനെ പണി എടുക്കാതെ ഇരിക്കാന്‍ പറ്റും എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് നോക്കുന്നത്. ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല.
കൊച്ചി: അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന് ഹൈക്കോടതി. ചിന്നക്കനാലില്‍ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ദ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വന്യജീവി ശല്യം തടയാന്‍ എല്ലാ ജില്ലകളിലും ടാസ്‌ക് ഫോഴ്‌സ് വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിര്‍ദേശക്കില്ലെന്നും എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കട്ടേയെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിര്‍ദേശം സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാമെന്നും ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചത്.
പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെങ്കില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതില്‍ വലിയ പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് മുന്നിലേക്ക് വയ്ക്കുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിദഗ്ധ സമിതി യോഗം ചേര്‍ന്ന് ആനയെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുക. അവിടേക്ക് മാറ്റാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്ക് ആനയെ മാറ്റാന്‍ സാധിക്കുമോ എന്ന് പരിശോധിച്ച ശേഷമായിരിക്കും നടപടി.
ഏറ്റവും പ്രശ്‌നബാധിതമായ ഇടുക്കിയിലും വയനാടും പാലക്കാടും ആദ്യം ടാസ്‌ക്ക് ഫോഴ്‌സ് രൂപികരിക്കാം. എന്നാല്‍ ടാസ്‌ക് ഫോഴ്‌സില്‍ ഒരാള്‍ക്ക് ഉത്തരവാദിത്തം വേണം. അത് ഡി എഫ് ഒ ആയാലും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആയാലും പ്രശ്‌നമില്ലെന്നും കോടതി പറഞ്ഞു. അരിക്കൊമ്പന്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായി. എങ്ങനെ പണി എടുക്കാതെ ഇരിക്കാന്‍ പറ്റും എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് നോക്കുന്നത്. ആര്‍ക്കും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റി.