അരിക്കൊമ്പന്‍ തിരിച്ചെത്തി, മുല്ലക്കുടിയില്‍ തുറന്നുവിട്ട അതേ സ്ഥലത്ത്
കുമളി- തമിഴ്‌നാട് വനാതിര്‍ത്തിക്കുള്ളിലെ സഫാരി അവസാനിപ്പിച്ച് അരിക്കൊമ്പന്‍ കേരളത്തില്‍ തിരിച്ചെത്തി. ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട സീനിയര്‍ ഓട എന്ന സ്ഥലത്ത് മടങ്ങിയെത്തിയ അരിക്കൊമ്പന്‍ ഇപ്പോള്‍ മുല്ലക്കുടി മേഖലയില്‍ തന്നെ തീറ്റയും കുടിയുമായി നിലയുറപ്പിച്ചിരിക്കുകയാണെന്ന് വനംവകുപ്പ് പറയുന്നു.
പെരിയാര്‍ അതിര്‍ത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കടന്ന അരിക്കൊമ്പന്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തി ഒരാഴ്ചയിലധികം തുടര്‍ന്നെങ്കിലും പി്ന്നീട് കേരളഅതിര്‍ത്തിക്കുള്ളിലേക്ക് മടങ്ങുകയായിരുന്നു. മേഘമലയില്‍ എത്തിയതു മുതല്‍ അരിക്കൊമ്പന്റെ നീക്കങ്ങള്‍ സൂക്ഷമമായി നരീക്ഷിച്ചിരുന്ന തമിഴ്‌നാട് വനംവകുപ്പിന് കാട്ടാന മടങ്ങിയത് ആശ്വാസമായി. എങ്കിലും അരിക്കൊമ്പന്‍ എപ്പോള്‍ വേണമെങ്കിലും തിരികെ തമിഴ്നാട് വനാതിര്‍ത്തിയിലേക്ക് എത്താമെന്നതിനാല്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരോട് തത്കാലം അവിടെത്തന്നെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കൊമ്പന്‍ കേരളത്തിലെ വനമേഖലയിലേക്ക് കടന്നെന്നറിഞ്ഞതോടെ മേഘമലയില്‍ ടൂറിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
ആവശ്യത്തിന് തീറ്റ കിട്ടുന്നതിനാലാകാം ആന മുല്ലക്കുടി മേഖലയില്‍ തിരിച്ചെത്തിയ ശേഷം ഇവിടെ തന്നെ തുടരുന്നതെന്ന് കേരള വനംവകുപ്പ് കരുതുന്നു. അതേസമയം കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചതതിന് പിന്നാലെ വനപാലകര്‍ക്ക് നിരീക്ഷണത്തിനുവേണ്ടി നിര്‍മിച്ച ഒരു ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
.