LogoLoginKerala

കമ്പം ടൗണില്‍ അരിക്കൊമ്പനിറങ്ങി, വാഹനങ്ങള്‍ ആക്രമിച്ചു, ജനംപരിഭ്രാന്തിയില്‍

 
arikomban at kambam

ഇടുക്കി- കമ്പം ടൗണില്‍ അരിക്കൊമ്പനിറങ്ങി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ് വിവരം. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നതെന്നാണ് സൂചന. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. 

കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ഇതിനിടയില്‍ ജനവാസ മേഖലയിലിറങ്ങി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമോ എന്ന ഭയത്തിലാണ് കമ്പത്തെയും പരിസരപ്രദേശത്തെയും ജനങ്ങള്‍. ഇതിനിടെ ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ലോവര്‍ ക്യാമ്പില്‍ നിന്നും വനാതിര്‍ത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വനം മേഖലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നല്‍ നഷ്ടമായതോടെ വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പത്ത് ജനവാസ മേഖലയില്‍ എത്തിയെന്ന് വ്യക്തമായത്. കമ്പത്ത് ജനം പരിഭ്രാന്തിയിലാണ്. ആനയെ ഓടിക്കാന്‍ പിന്നാലെ കൂക്കിവിളിച്ച് ഓടുകയാണ് ഇവര്‍. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ്. 

ഇന്നലെ കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ആന. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.