പ്രതിരോധിച്ച് അരിക്കൊമ്പന്‍, ഇടിച്ചുകയറ്റി കുങ്കിയാനകള്‍, ദൗത്യം വിജയം

ഇടുക്കി-എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ശ്രമകരമായ ദൗത്യത്തിനൊടുവില്‍ കുങ്കിയാനകളും ദൗത്യസംഘവും ചേര്‍ന്ന് അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. അഞ്ച് ഡോസ് മയക്കുവെടി വെച്ചിട്ടും നാല് കുങ്കിയാനകളോട് പ്രതിരോധിച്ച് നിന്ന അരിക്കൊമ്പനെ ആറാമത്തെ ഡോസ് മയക്കുവെടി വെച്ച ശേഷമാണ് മണിക്കൂറുകള്‍ക്ക് ശേഷം ലോറിയില്‍ കയറ്റാന്‍ സാധിച്ചത്.
കാലുകളില്‍ വടംകെട്ടിയ ശേഷം പ്രത്യേക വാഹനം അരികിലെത്തിച്ച് അരിക്കൊമ്പന് പിന്നിലൂടെ കയറാന്‍ കഴിയുന്ന വിധത്തില്‍ നിര്‍ത്തിയിട്ടാണ് കുങ്കിയാനകള്‍ ചേര്‍ന്ന് കാട്ടുകൊമ്പനെ ലോറിയില്‍ തള്ളിക്കയറ്റാന്‍ ശ്രമം നടത്തിയത്. കോന്നി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കുങ്കിയാനകള്‍ പിന്നില്‍ നിന്നും വശങ്ങളില്‍ നിന്നും കൊമ്പുകളും മസ്തകവുമുപയോഗിച്ച് തള്ളിയും കുത്തിയുമാണ് അരിക്കൊമ്പനെ കയറ്റാന്‍ ശ്രമിച്ചത്. വാഹനത്തില്‍ കയറാതെ ഏറെ നേരം പ്രതിരോധിച്ചു നിന്ന അരിക്കൊമ്പന്‍ ഒരുതവണ വാഹനത്തില്‍ പകുതിയിലേറെ കയറിയ ശേഷം പിന്നിലേക്ക് ഇറങ്ങിപ്പോന്നു. ഈ സമയത്താണ് ആറാമത്തെ ഡോസ് മയക്കുവടി നല്‍കിയത്. ഇതിനിടെ കനത്ത മഴ പെയ്തത് ദൗത്യം കഠിനമാക്കി. മഴ അല്‍പം ശമിച്ച ഘട്ടത്തിലാണ് കുങ്കിയാനകളുടെ ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമം വിജയിച്ചത്. ആറ് ഡോസ് മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ അപ്പോഴേക്കും തീര്‍ത്തും തളര്‍ന്നുപോയിരുന്നു.
തടിക്കൂടില്‍ ഇടിച്ചുകയറ്റിയ അരിക്കൊമ്പനെ ബന്ധവസ്സിലാക്കി ദൗത്യസംഘം ചിന്നക്കനാലില്‍ നിന്ന് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്.