ചിന്നക്കനാലില്‍ നിന്ന് വിടപറഞ്ഞ് അരിക്കൊമ്പന്‍ പെരിയാറിലേക്ക്

ഇടുക്കി- മൂന്നു പതിറ്റാണ്ട് വിഹരിച്ച ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ പുതിയ ആവാസ വ്യവസ്ഥയിലേക്ക് അരിക്കൊമ്പന്‍ യാത്രയായി. ഇക്കാലത്തിനിടയ്ക്ക് വലിയ നാശങ്ങള്‍ വിതച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പനെ നാട്ടുകാര്‍ യാത്രയാക്കിയത് വേദനയോടെയാണ്. ദൗത്യസേനയും കുങ്കിയാനകളും ചേര്‍ന്ന് സാഹസികമായി ലോറിയില്‍ കയറ്റിയ അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷമാണ് ചിന്നക്കനാലില്‍ നിന്ന് വാഹനം പുറപ്പെട്ടത്. വനംവകുപ്പിന്റെയും പോലിസിന്റെയും അടക്കം മുപ്പതിലേറെ വാഹനങ്ങള്‍ അകമ്പടി സേവിച്ചു.
ലോറിയിലെ മരക്കൂട്ടില്‍ ബന്ധനസ്ഥനായ അരിക്കൊമ്പന്‍ പാതി മയക്കത്തിലാണെങ്കിലും കൊമ്പും തുമ്പിക്കൈയുമുപയോഗിച്ച് കൂട് തകര്‍ക്കാനുള്ള വിഫല ശ്രമം നടത്തിക്കൊണ്ടിരുന്നു. കൂടുതല്‍ അക്രമാസക്തനായാല്‍ വീണ്ടും മയക്കുവെടി വെക്കേണ്ടി വന്നേക്കാമെന്നാണ് സൂചന. ആറ് ഡോസും ഒരു ബൂസ്റ്റര്‍ ഡോസും ഇതുവരെ അരിക്കൊമ്പന് നല്‍കിയിട്ടുണ്ട്.
പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ആവാസ വ്യവസ്ഥ ആനക്ക് കൂടുതല്‍ അനുയോജ്യമാണ്. ഇഷ്ടം പോലെ ഭക്ഷണവും വെള്ളവും ലഭിക്കുന്ന ഇടതൂര്‍ന്ന നിബിഢ വനപ്രദേശത്താണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കുമളിയില്‍ നിന്നും മംഗളാദേവിയിലേക്കുള്ള റൂട്ടിലാണ് അരിക്കൊമ്പനെ ഇറക്കി വിടാന്‍ ഉദ്ദേശിക്കുന്ന വിനപ്രദേശം. 100 കിലോമീറ്ററിലധികം റോഡിലൂടെ യാത്ര ചെയ്താണ് ഇവിടെ എത്തേണ്ടത്. കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഞ്ചു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്. ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയര്‍ത്തിയിരുന്നു. മഴ തുടര്‍ന്നാല്‍ അരിക്കൊമ്പന്‍ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേര്‍ന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാന്‍ അരിക്കൊമ്പന്‍ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു.
ലോറിയില്‍ കയറ്റുന്നതിനു മുന്നോടിയായി അരിക്കൊമ്പന്റെ നാലു കാലുകളും വടംകൊണ്ട് ബന്ധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നില്‍ നിന്ന് വടം കൊണ്ടു ബന്ധിപ്പിക്കുകയായിരുന്നു. ആദ്യം വടം കൊണ്ട് ബന്ധിപ്പിച്ചെങ്കിലും അരിക്കൊമ്പന്‍ ഊരിമാറ്റിയിരുന്നു. ആനയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ടു മൂടി. കഴുത്തില്‍ കയറിട്ടു.