പിടികൊടുക്കാതെ അരിക്കൊമ്പന്‍ ആനയിറങ്കല്‍ നീന്തിക്കടന്നു, ദൗത്യം നീളും

ഇടുക്കി- മയക്കുവെടി വെക്കാനെത്തിയ ദൗത്യസംഘത്തിന് പിടികൊടുക്കാതെ അരിക്കൊമ്പന്‍ കാടുകയറി. ആനയിറങ്കല്‍ ഡാം കടന്ന് പെരിയകനാല്‍ ഭാഗത്ത് ആനയെത്തിയതായാണ് സൂചന. പെരിയകാനാല്‍ ഭാഗത്ത് അരിക്കൊമ്പനെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദൗത്യസംഘാംഗങ്ങള്‍ അവിടെ തിരച്ചില്‍ നടക്കുകയാണ്. ആനയിറങ്കലില്‍ വെച്ച് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. അവിടെ നിന്ന് മയക്കുവെടിവെക്കാന്‍ കഴിയുന്ന ഭാഗത്തേക്ക് ആനയെ സുരക്ഷത സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സൂചനകള്‍. ആനയിറങ്കലില്‍ നിന്ന് തിരിച്ചുവരാതെ അരിക്കൊമ്പന്‍ മുന്നോട്ടു തന്നെ നീങ്ങിയാല്‍ ദൗത്യം ഇന്ന് നടക്കാനിടയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
രാവിലെ ഏഴ് മണിക്ക് അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന ദൗത്യസംഘം മണിക്കൂറുകള്‍ കടന്നു പോകുമ്പോഴു ആത്മവിശ്വാസത്തിലാണ്. 301 കോളനി ഭാഗത്ത് ആനക്കൂട്ടത്തോടൊപ്പം ചേര്‍ന്നതോടെയാണ് ദൗത്യസംഘത്തിന്റെ വഴിയില്‍ നിന്നും അരിക്കൊമ്പന്‍ വഴുതി മാറിയത്. കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടുത്തി മയക്കുവെടി വെക്കാന്‍ കഴിയുന്ന ഭാഗത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. അതിന് പിന്നാലെയാണ് ആന ആനയിറങ്കല്‍ ഡാം കടന്ന് സുരക്ഷിത മേഖലയിലേക്ക് പോയത്.