അരിക്കൊമ്പന് തൊട്ടടുത്ത് ദൗത്യസംഘം, കൊമ്പനൊപ്പം കാട്ടാനക്കൂട്ടം

ഇടുക്കി-ഇന്ന് പുലര്‍ച്ചെ ആരംഭിച്ച അരിക്കൊമ്പന്‍ ദൗത്യം പുലര്‍ച്ചെ ആരംഭിച്ചു. അരിക്കൊമ്പന്‍ 301 കോളനിക്കും സിമന്റ് പാലത്തിനുമിടയിലുള്ള വനപ്രദേശത്ത് മറ്റ് കാട്ടാനകള്‍ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊമ്പന് അടുത്തെത്തി കൃത്യമായ പൊസിഷന്‍ ലഭിക്കാന്‍ കാത്തു നില്‍ക്കുകയാണ് ദൗത്യസംഘം. അരിക്കൊമ്പനൊപ്പം മറ്റ് കാട്ടാനകളുള്ളതും മയക്കുവെടിവെക്കുന്നതിന് അനുകൂലമല്ലാത്ത സ്ഥലത്തേക്ക് അരിക്കൊമ്പന്‍ മാറുന്നതും ദൗത്യ നീണ്ടു പോകാനിടയാക്കി. രാവിലെ ഏഴ് മണിക്ക് മയക്കുവെടിവെക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അരിക്കൊമ്പന്റെ നീക്കങ്ങള്‍ അതിന് തടസമായി. നേരത്തെ മയക്കുവെടിവെച്ചിട്ടും ഏറ്റവും വലിയ കുങ്കിയാനയെ ഉപയോഗിച്ചിട്ടും അരിക്കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ശരിയായ സ്ഥലത്തും പൊസിഷനിലും മയക്കുവെടിവെച്ച് തളയ്ക്കാനാണ് ശ്രമം.
പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യം ആരംഭിച്ചത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം നിര്‍ണയിക്കാന്‍ ചുമതലപ്പെടുത്തിയ ആദ്യസംഘം പുലര്‍ച്ചെ നാലേമുക്കാലോടെ കാട്ടിലേക്ക് തിരിച്ചു. ഈ സംഘം സ്ഥലം നിര്‍ണയിച്ചതോടെ മയക്കുവെടി വയ്ക്കാനുള്ള രണ്ടാം സംഘം ദൗത്യത്തിനായി രംഗത്തിറങ്ങി.
301 കോളനിക്കു സമീപമുള്ള വനപ്രദേശത്താണ് വ്യാഴാഴ്ച അരിക്കൊമ്പനെ കണ്ടതെങ്കില്‍ ഇന്നു പുലര്‍ച്ചെ മുത്തമ്മ കോളനിക്കു സമീപമാണ് കണ്ടതെന്നായിരുന്നു വിവരം. എന്നാല്‍ പിന്നീടാണ് സിമന്റ് പാലം പ്രദേശത്ത് അരിക്കൊമ്പന്‍ നില്‍ക്കുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് മയക്കുവെടി വയ്ക്കാന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്മാര് അടങ്ങുന്ന സംഘം ബേസ് ക്യാംപില്‍ നിന്ന് പുറപ്പെട്ടത്.