ദൗത്യസേന ആകാശത്തേക്ക് വെടിവെച്ചു, അരിക്കൊമ്പന്‍ ഉള്‍ക്കാട്ടില്‍ ഓടി മറഞ്ഞു

ഇടുക്കി- പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ ദൗത്യസേന കാടിനുള്ളിലേക്ക് കയറ്റിവിട്ടത് ആകാശത്തേക്ക് വെടിവെച്ച്. മയക്കുവെടിയുടെ അര്‍ധനിദ്രാവസ്ഥയില്‍ നിന്നുണരാന്‍ ആന്റി ഡോട്ട് കൊടുത്തതോടെ വാഹനത്തില്‍ നിന്നും തനിയെ ഇറങ്ങിയ അരിക്കൊമ്പന്‍ വെടിയൊച്ച കേട്ടയുടന്‍ ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. ഇറക്കി വിട്ട സ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പന്‍ ഉള്ളതെന്നാണ് റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന സിഗ്നലുകള്‍ കാണിക്കുന്നത്. അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും പെരിയാര്‍ വനത്തിലെ മറ്റ് ആനകളുമായി എളുപ്പത്തില്‍ ചങ്ങാത്തത്തിലാകുമെന്നും പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് പറയുന്നു. സാമൂഹ്യജീവിയായതു കൊണ്ടു തന്നെ അരിക്കൊമ്പന്‍ ഒറ്റയാനായി അധികദിവസം ചുറ്റിത്തിരിയാന്‍ സാധ്യതയില്ല. ഒറ്റയാന്റെ സ്വഭാവം കാണിക്കുമ്പോഴും ചിന്നക്കനാല്‍ മേഖലയിലെ മറ്റ് ആനകളുമായി അടുത്തിടപഴകിയിരുന്ന അരിക്കൊന് പെരിയാര്‍ വനത്തിലെ ആനകളുമായി ഇണങ്ങള്‍ അധിക സമയം വേണ്ടിവരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആനകള്‍ക്ക് ഇഷ്ടപ്പെട്ട മുളങ്കാടുകളും മറ്റ് ഭക്ഷ്യവിഭവങ്ങളും വെള്ളവും സുലഭമായതിനാല്‍ അരിക്കൊമ്പന് പെരിയാറില്‍ കൂടുതല്‍ രാജകീയമായി തന്നെയാകും തുടര്‍നുള്ള ജീവിതം നയിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാര്‍ കടുവാ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്നുവിട്ടത്. പ്രവേശന കാവടത്തില്‍ നിന്നും 17.5 കിലോമീറ്റര്‍ അകലെ മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. കുങ്കിയാനകളില്ലായിരുന്നെങ്കിലും ആനയെ തിരികെ ഇറക്കാന്‍ യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. കയറുകളും പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയശേഷം ആന്റി ഡോട്ട് കൊടുത്തതോടെ ഊര്‍ജസ്വലനായ അരിക്കൊമ്പന്‍ വാഹനത്തില്‍ തനിയെ പുറത്തിറങ്ങുകയായിരുന്നു.
ദൗത്യം അവസാനിപ്പിച്ച് സേനാംഗങ്ങള്‍ തിരിച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടത്തില്‍ തിരിച്ചെത്തിയപ്പോള്‍ രാവിലെ എട്ടരയായിരുന്നു. രാത്രിയില്‍ വനത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ദൗത്യസേനാംഗങ്ങള്‍ പറഞ്ഞു. മഴ പെയ്ത കാരണം റോഡ് ചെളിനിറഞ്ഞതായിരുന്നു. അടുത്തിടെ മാത്രമാണ് റോഡ് വീതികൂട്ടി വഴിയൊരുക്കിയരുന്നത്. അതിനാല്‍ മഴയില്‍ റോഡിലൂടെ വാഹനയാത്ര ബുദ്ധിമുട്ടേറിയതായി. അതുകൊണ്ടു തന്നെ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ സമയമെടുത്തു. വഴിയില്‍ ലോറി പലയിടത്തും റോഡില്‍ നിന്നും തെന്നി മാറി. ജെസിബി യുടെ സഹായത്തോടെയാണ് തിരികെ റോഡിലേക്ക് കയറ്റിയത്. ആനയെ ഇറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും സമയമെടുത്തു.