LogoLoginKerala

മുതലമടയില്‍ നാളെ ഹര്‍ത്താല്‍, അരിക്കൊമ്പനെ ഞങ്ങള്‍ക്ക് തരൂവെന്ന് കോടനാട്ടുകാര്‍


അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള റേഡിയോ കോളര്‍ നാളെ എത്തും
 
arikomban

കൊച്ചി- ജനവാസ കേന്ദ്രങ്ങളില്‍ ഉപദ്രവം തുടരുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി എത്രയും വേഗം ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഇടുക്കി നിവാസികളും പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ഹര്‍ത്താല്‍ അടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുതലമട നിവാസികളും നിലയുറപ്പിച്ചിരിക്കെ അരിക്കൊമ്പനെ ഞങ്ങള്‍ക്ക് വിട്ടു തരൂ എന്ന ആവശ്യമുയര്‍ത്തി കൂട്ടായ്മ സംഘടിപ്പിക്കുകയാണ് കോടനാട്ടുകാര്‍. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള  ദൗത്യത്തിന് രണ്ടു ദിവസത്തിനകം തുടക്കം കുറിക്കാനിരിക്കെയാണ് ആനയെ കോടനാട്ടേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാരുടെ രംഗപ്രവേശം. കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കം സ്‌റ്റേ ചെയ്ത ഹൈക്കോടതിയുടെ ശ്രദ്ധയിലേക്ക് ഇക്കാര്യം വീണ്ടും കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അരിക്കൊമ്പനെ കോടനാട് കൊണ്ടുവന്നു പരിശീലനം നല്‍കി മികച്ച കുങ്കിയാനയാക്കി നാടിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കോടനാട്ടുകാര്‍ പറയുന്നു. കോടനാട് ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മ്മിച്ച കൂട് വെറുതെ കിടക്കുകയാണ്. പ്രകൃതിയോട് ഇണങ്ങിയ ആനപരിശീലന കേന്ദ്രമായതിനാല്‍ കാടിന്റെ അന്തരീക്ഷത്തില്‍ തന്നെ കോടനാട് കേന്ദ്രത്തില്‍ ആനയ്ക്ക് പരിശീലനം നല്‍കാന്‍ സാധിക്കും. കാട്ടാനശല്യമുള്ള സമീപ പ്രദേശങ്ങളില്‍ അവയെ തുരത്താന്‍ കുങ്കിയാനകളെ ഉപയോഗിക്കാമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അരിക്കൊമ്പന്റെ കഴുത്തിലിടുന്നതിനുള്ള റേഡിയോ കോളര്‍ നാളെ അസമില്‍ നിന്ന് ഇടുക്കിയിലെത്തിക്കും. ജി പി എസ്, സാറ്റലൈറ്റ് സംവിധാനമുള്ള റേഡിയോ കോളറാണ് കൊണ്ടുവരുന്നത്. മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ധരിപ്പിച്ച് പറമ്പിക്കുളത്ത് വിടുന്ന അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് തത്സമയം നിരീക്ഷിക്കും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്താന്‍ മുതലമടയില്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് സമീപത്തുള്ള പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ ബാബു നേരത്തെ പരാതി നല്‍കിയിരുന്നു.
പറമ്പിക്കുളം മേഖലയിലെ മിക്ക പ്രദേശങ്ങളും തേക്കിന്‍തോട്ടം ആയതിനാല്‍ സ്വാഭാവിക തണുപ്പുള്ള മൂന്നാര്‍ വനമേഖലയില്‍ ജീവിച്ച അരിക്കൊമ്പന്‍ കുറവ് തണുപ്പുള്ള പറമ്പിക്കുളവുമായി ഇണങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇക്കാരണത്താല്‍ പ്രദേശത്തെ ആനകളുമായി സംഘര്‍ഷം ഉണ്ടാവാനും ഇത് അരിക്കൊമ്പന്റെ ജീവന് ഭീഷണിയായി മാറാന്‍ സാധ്യതയുണ്ടെന്നും കോളനിവാസികള്‍ പറഞ്ഞു. മൂന്നാറിനടുത്തുള്ള തേക്കടി കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനു പകരം പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതി തീരുമാനം ദുരൂഹത ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.