അരിക്കൊമ്പനെ മയക്കുവെടിവെച്ചു, ദൗത്യം വിജയത്തിലേക്ക്

ഇടുക്കി- അരിക്കൊമ്പനെ ദൗത്യസംഘം ആദ്യഡോസ് മയക്കുവെടി വെച്ചു. സിങ്കുകണ്ടത്തിനും സിമന്റ് പാലത്തിനുമിടയില്‍ വെച്ചാണ് ഡോ. അരുണ്‍സക്കറിയ മയക്കുമരുന്നു നിറച്ച സിറിഞ്ച് ഗണ്ണില്‍ നിന്ന് അരിക്കൊമ്പന് നേരെ ഉതിര്‍ത്തത്. ഒരു പാറക്കെട്ടിന് മുകളില്‍ മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് മയക്കുവെടി വെക്കുന്നതിനുള്ള കൃത്യമായ പൊസിഷന്‍ ലഭിച്ചത്. മയക്കുവെടി കൊണ്ട ശേഷം ആന മുന്നോട്ടു നീങ്ങിതൈലമലയിലെ ഒരു ചോലക്കാട്ടില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ഇന്നലെ 150 അംഗ ദൗത്യസംഘം അരിച്ചുപെറുക്കിയിട്ടും മറഞ്ഞു നിന്ന അരിക്കൊമ്പനെ ഇന്നുരാവിലെയാണ് സിങ്കുകണ്ടത്ത് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ ശങ്കരപാണ്ടി മേട്ടില്‍ കണ്ടെത്തിയ അരിക്കൊമ്പന്‍ രാത്രി അവിടെ നിന്ന് താഴേക്കിറങ്ങി ദേശീയപാതകടന്ന് താഴേക്കിറങ്ങിയാണ് സിങ്കകണ്ടത്ത് എത്തിയത്. ഇന്നലെ രാത്രി ശാന്തന്‍പാറ പോലീസ് രാത്രിയില്‍ ചക്കക്കൊമ്പന് പിന്നാലെ പായുന്ന അരിക്കൊമ്പനെ കണ്ടിരുന്നു. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചതോടെയാണ് സിങ്കുകണ്ടത്ത് തിരച്ചില്‍ നടത്തി ആനയെ കണ്ടെത്തിയത്.
അരിക്കൊമ്പന് സമീപം ചക്കക്കൊമ്പനും മറ്റൊരു പിടിയാനയുമുണ്ടായിരുന്നതിനാല്‍ ദൗത്യസംഘം ഇവരെ കൂട്ടം തെറ്റിക്കാനുള്ള ശ്രമം നടത്തി. മറ്റാനകള്‍ അടുത്തുള്ളപ്പോള്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ചാല്‍ മറ്റ് കാട്ടാനകള്‍ അക്രമാസക്തരായി ദൗത്യസംഘത്തിന് നേരെ തിരിയാനുള്ള സാധ്യതയുള്ളതിനാല്‍ പടക്കം പൊട്ടിച്ച് മറ്റാനകളെ അകറ്റി. അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് ദൗത്യ മേഖലയായ സിമന്റ് പാലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തിലാണ്. എന്നാല്‍ ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത് എതിര്‍ദിശയില്‍ സൂര്യനെല്ലിയിലേക്ക് കയറുന്ന ഉയര്‍ന്ന പ്രദേശത്താണ്. ചക്കക്കൊമ്പന്‍ മദപ്പാടിലായതിനാല്‍ അരിക്കൊമ്പന്‍ ഈ ആനക്കരികിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ് വിലയിരുത്തി. അരിക്കൊമ്പന്‍ അല്‍പം കൂടെ താഴേക്ക് ഇറങ്ങിയാല്‍ മയക്കുവെടി വെക്കാന്‍ തയ്യാറായി ദൗത്യസംഘം നിലയുറപ്പിച്ചു. എല്ലാ സാഹചര്യവും അനുകൂലമായതോടെയാണ് മയക്കുവെടി വെച്ചത്.