LogoLoginKerala

സൂര്യനെല്ലിയിൽ അരിക്കൊമ്പൻ വീട് തകർത്തു , മുതലമടയിൽ ജനകീയ ഹർത്താൽ തുടങ്ങി

 
Arikomban attack
വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ച്
അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്ന ലീലയും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു. 
ഓടിക്കൂടിയ നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് ആനയെ തുരത്തിയത്.

Arikomban

അരിക്കൊമ്പൻ ആക്രമണം തുടരുമ്പോഴും ആനയെ പിടികൂടുന്നതിനുള്ള ടാസ്ക് ഫോഴ്സ് രൂപീകരണം നീളും. കോടതി ഉത്തരവുപ്രകാരം അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിക്കുവാനുള്ള ആദ്യഘട്ടമാണ് ടാസ്ക് ഫോഴ്സ് രൂപീകരണം. എന്നാൽ ആനക്ക് ഘടിപ്പിക്കുവാനുള്ള ജിപിഎസ് റേഡിയോ കോളർ ലഭ്യമാകാത്തത് ദൗത്യത്തിലേക്ക് കടക്കുന്നതിന് താമസം ഉണ്ടാക്കുകയാണ്.
സാറ്റലൈറ്റ് കണക്ടിവിറ്റിയുള്ള ജിപിഎസ് കോളർ നിലവിൽ കേരള വനംവകുപ്പിന്റെ പക്കലില്ല. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസാം വനം വകുപ്പിന്റെയും കയ്യിലുള്ള ജിപിഎസ് കോളറുകൾ ലഭിക്കുവാനുള്ള അപേക്ഷ വനംവകുപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായി ഉണ്ടായ അവധി ദിവസങ്ങളാണ് അനുമതി ലഭിക്കുന്നതിന് താമസം ഉണ്ടാക്കിയത്. റേഡിയോ കോളർ എത്തിയാൽ ഉടൻ ദൗത്യത്തിലേക്ക് കടക്കുവാനാണ് വനം വകുപ്പ് ആലോചിക്കുന്നത് 

Arikomban protest

അതേ സമയം അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുകയാണ്. മുതലമട പഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ ജനകീയ ഹർത്താൽ നടക്കുകയാണ്. പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന സർവകക്ഷി സംഘമാണ് മുതലമട പഞ്ചായത്തിൽ ഹർത്താൽ നടത്തുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ റിവ്യൂ ഹർജി ബുധനാഴ്ച പരിഗണിയ്ക്കും.
ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മുതലമടയിൽ മാർച്ചും ധർണ്ണയും നടന്നിരുന്നു. പറമ്പിക്കുളത്തെ ഡിഎഫ്ഒ ഓഫീസും നാട്ടുകാർ ഉപരോധിച്ചു.